കണ്ണൂർ:എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പിപി ദിവ്യ കസ്റ്റഡിയിലായിട്ടും ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് നിന്ന് പിപി ദിവ്യയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ദിവ്യ പറഞ്ഞതനുസരിച്ചുള്ള സ്ഥലത്ത് അന്വേഷണ സംഘം എത്തുകയായിരുന്നു.
അറസ്റ്റിന് ശേഷവും പൊലീസ് ഉരുണ്ടു കളി തുടരുകയാണ്. അറസ്റ്റിൽ വൈകൽ സംഭവിച്ചിട്ടില്ല എന്നായിരുന്നു കമ്മിഷണറുടെ വിശദീകരണം. ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ദിവ്യയെ എത്തിക്കുന്നത് പോലും അതീവ രഹസ്യമായിട്ടായിരുന്നു. കണ്ണപുരത്ത് നിന്ന് പൊലീസ് വാഹനത്തിൽ കണ്ണൂർ എസിപി ഓഫിസിൽ എത്തിക്കാതെ നേരിട്ട് ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് എത്തിച്ചാണ് ചോദ്യം ചെയ്യൽ നടപടി ആരംഭിച്ചത്.
കേരളം നടുക്കത്തോടെ ഉണര്‍ന്ന ആ ദിവസം...
ഒക്ടോബർ 15ന് രാവിലെ കേരളം ഉണർന്നത് എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യ വാർത്ത കേട്ടാണ്. തലേ ദിവസം തന്‍റെ ജോലി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ, സന്തോഷത്തോടെ കണ്ടിരുന്ന യാത്രയയപ്പ് വേദി. ക്ഷണിക്കപ്പെടാതെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുക്കുകയും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ അതിരൂക്ഷ വിമർശനം നടത്തുകയും ചെയ്‌തു.
എഡിഎമ്മിന്‍റെ മരണത്തിലേക്കുള്ള വഴി വെട്ടിയാണ് താൻ മടങ്ങിയതെന്ന് ദിവ്യ പോലും അന്ന് കരുതിക്കാണാനിടയില്ല. സിപിഎം അനുകൂല സംഘടനയിലുള്ള ഉദ്യോഗസ്ഥൻ സിപിഎം ജനപ്രതിനിധിയുടെ തുറന്ന് പറച്ചിലിൽ മനംനൊന്ത് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ചു. ആരോപണം കടുത്തപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും പാർട്ടിയും ദിവ്യയും ഭരണവും പല കോണിലായി.
സംഭവം നടന്ന് 3 ദിവസത്തിന് ശേഷം ആത്മഹത്യ പ്രേരണ കുറ്റത്തിന് പിപി ദിവ്യക്ക് എതിരെ പൊലീസ് കേസ് എടുക്കുമ്പോഴും അന്വേഷണം സത്യസന്ധമല്ലെന്ന ആരോപണം പലകോണിൽ നിന്ന് ഉയർന്നു. ഒടുവിൽ 13-ാം ദിവസം ജഡ്‌ജി ഒറ്റവാക്കിൽ ജാമ്യം നിഷേധിക്കുമ്പോൾ അവസാന കച്ചിത്തുരുമ്പും ദിവ്യക്ക് നഷ്‌ടമാവുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി നിസാർ അഹമ്മദാണ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി തള്ളിയത്. പ്രതിഭാഗം രേഖകൾ പൂർണമായി നൽകിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരിയുടെ പ്രവർത്തി മുൻകൂട്ടി തയ്യാറാക്കിയതാണെന്നും മുൻകൂർ ജാമ്യം നൽകിയാൽ സമൂഹത്തിന് മോശം സന്ദേശമാണ് അത് നല്‍കുകയെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം തള്ളിയത്.
പെട്രോൾ പമ്പും ബിനാമിയും:കണ്ണൂർ ചെങ്ങളായിൽ തുടങ്ങാനിരുന്ന പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് എഡിഎം ദിവ്യ പോര് തുടങ്ങിയത്. ആത്മഹത്യയോടെ കേസിനെ ന്യായീകരിക്കാൻ നവീൻ ബാബു ഒരു ലക്ഷം ആവശ്യപ്പെട്ടെന്നും 98,500 രൂപ നൽകിയെന്നും ചൂണ്ടിക്കാട്ടിയുള്ള പാർട്ടി നിർദേശ പ്രകാരം ഉള്ള പ്രതിരോധ പരാതിയും ആദ്യ ഘട്ടത്തിൽ തന്നെ പൊളിഞ്ഞു വീണു.