എറണാകുളം: കാലത്തെ അതിജീവിച്ച മലയാള സാഹിത്യത്തിൻ്റെ ശിൽപിയെയാണ് എംടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്ന് എഴുത്തുകാരനും അധ്യാപകനുമായ എംകെ സാനു. എംടിയെ അനുസ്‌മരിച്ച് കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംടിയുടെ വിയോഗത്തിൽ അഗാധമായ നഷ്‌ടബോധം അനുഭവപ്പെടുന്നു.
വളരെ ചുരുക്കം സുഹൃത്തുക്കളുള്ള മൗനിയായ വ്യക്തിയായിരുന്നു അദ്ദേഹം. തൻ്റെ മേഖലയോട് നൂറ് ശതമാനം കൂറ് പുലർത്തിയ വ്യക്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഥയെഴുതുമ്പോൾ, നോവലെഴുതുമ്പോൾ, തിരക്കഥയെഴുതുമ്പോൾ അദ്ദേഹം പരമാവധി അതിൽ ശ്രദ്ധ പുലർത്തിയിരുന്നു. സാഹിത്യ അക്കാദമികളിൽ അംഗങ്ങളാകുന്നത് സ്വത്വത്തിൻ്റെ ഒരു ഭാഗം നഷ്‌ടമാക്കുമെന്ന അഭിപ്രായമായിരുന്നു തനിക്ക് ഉണ്ടായിരുന്നത്. ഇതേക്കുറിച്ച് താനെഴുതിയ ലേഖനത്തിന് എംടി 'കൊട്ടാര ശണ്ഡൻമാർ' എന്ന തലക്കെട്ട് നൽകിയായിരുന്നു മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചത്.
പിന്നീട് എംഎൽഎ ആയപ്പോൾ സാഹിത്യ അക്കാദമിയുടെ പ്രസിഡൻ്റ് ആകേണ്ടിവന്നു. ഈ സമയത്ത് എംടി വിളിച്ച് ഇപ്പോഴെന്തായി എന്ന് ചോദിച്ചിരുന്നു. കൊട്ടാര ശണ്ഡന്മാരുടെ നേതാവായില്ലേയെന്നും എംടി ചോദിച്ചിരുന്നു. 'മഞ്ഞ്' എന്ന അദ്ദേഹത്തിൻ്റെ നോവലാണ് എന്നെ കൂടുതൽ ആകർഷിച്ചത്. ഈ കഥയിൽ കാത്തിരിപ്പ് വളരെ തീക്ഷ്‌ണമായാണ് അവതരിപ്പിക്കുന്നത്.
ഇത്രയും മനോഹരമായ കഥയെഴുതാൻ അധികം ആർക്കും കഴിയില്ല. തൻ്റെ ഏകാന്ത വീഥിയിലൂടെ ആദ്യത്തെ കഥ മുതൽ അദ്ദേഹം തൻ്റെ സൃഷ്‌ടികളെ പെർഫെക്‌ടാക്കി മാറ്റിയിരുന്നു.
എം.ടിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്‌ച
1956ൽ കോട്ടയത്ത് നടന്ന സാഹിത്യ പരിഷത്തിൽ പ്രസംഗിക്കാൻ പോയ വേളയിലാണ് എംടിയെ കണ്ടതെന്ന് എംകെ സാനു ഓർമിച്ചു. അന്ന് മുതലാണ് എംടിയുമായുള്ള ബന്ധം തുടങ്ങിയത്. കുട്ടികൃഷ്‌ണമാരാറായിരുന്നു അധ്യക്ഷത വഹിച്ചത്. വള്ളത്തോളുമുണ്ടായിരുന്നു. തനിക്ക് ക്രൈസ്‌തവ സാഹിത്യമെന്ന വിഷയമാണ് നൽകിയത്. പ്രസംഗിച്ച് കഴിഞ്ഞപ്പോൾ എംടി തന്നെ അഭിന്ദിച്ചുവെന്നും ഇങ്ങനെയൊരാൾ ഉണ്ടെന്ന് അറിവില്ലായിരുന്നുവെന്നും തന്നോട് പറഞ്ഞു.
മിതഭാഷിയായ എംടിയെ പിന്നീട് കണ്ടപ്പോഴും അധികം സംസാരിച്ചിരുന്നില്ല. വ്യക്തിപരമായ ബന്ധം അധികം പുലർത്തിയിരുന്നു. എംടിയുടെ കൃതികൾ കാലത്തിനെ അതിജീവിക്കും. അദ്ദേഹത്തിൻ്റെ കൃതികളെ പ്രതികൂലമായി വിമർശിക്കണമെന്ന് തോന്നിയിട്ടില്ലെന്നും സാഹിത്യ നിരൂപകൻ കൂടിയായ എംകെ സാനു വ്യക്തമാക്കി. മൂല്യബോധം കുറഞ്ഞ, സാംസ്‌കാരിക അപചയത്തിൽ കഴിയുന്നവരാണ് പുതിയ തലമുറ.
നല്ല എഴുത്തും നല്ല പ്രസംഗവും ഇന്നില്ല. കുമാരനാശാൻ്റെ ദുരവസ്ഥയെക്കുറിച്ച് താൻ എഴുതിയ വിമർശനത്തെക്കുറിച്ച് നന്നായിയെന്ന് വിളിച്ച് അറിയിച്ചിരുന്നു. കൊച്ചിയിൽ വച്ച് ചാവറ കൾച്ചറൽ സെൻ്റർ അവാർഡ് അദ്ദേഹത്തിന് നൽകിയത് താനായിരുന്നു. അന്നാണ് അവസാനമായി അദ്ദേഹത്തെ കണ്ടതെന്നും എംകെ സാനു ഓർമിച്ചു.
Also Read: എംടിയെ 'തൊട്ട' ദേവന്‍, ദേവനെ കോടതി കയറ്റിയ എംടി; കൂട്ടുകെട്ടിലെ കലഹക്കഥ ഇങ്ങനെ