മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് 'ബറോസ്'. ഇന്നലെ (ഡിസംബര്‍ 25) ക്രിസ്‌മസ് ദിനത്തിലാണ് ചിത്രം ആഗോളതലത്തില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. 47 വര്‍ഷത്തെ അഭിനയജീവിതത്തിന് ശേഷമാണ് മോഹന്‍ലാല്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിനിമ പ്രേമികളും ആരാധകരും മോഹന്‍ലാലിന്‍റെ സഹപ്രവര്‍ത്തകരും ഒരുപോലെയാണ് ഈ ചിത്രത്തിനായി കാത്തിരിപ്പിലായിരുന്നു.
ആരാധകരുടെ പ്രതീക്ഷകള്‍ക്കൊന്നും ഭംഗം വരുത്താതെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ ചിത്രമാണെങ്കിലും ഏത് പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് ബറോസ്.
മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ത്രീഡിയെന്നാണ് സിനിമ കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. 40 വര്‍ഷത്തിന് ശേഷമാണ് ഒരു ത്രീഡി സിനിമ മലയാളത്തില്‍ നിന്ന് പുറത്തിറങ്ങുന്നതെങ്കിലും മലയാളികള്‍ ഇന്നേവരെ കാണാത്ത ഒരു മോഹന്‍ലാല്‍ വിസ്‌മയം തന്നെയായിരുന്നു ബറോസ്. സംവിധാനം മോഹന്‍ലാല്‍ എന്നെഴുതി ആദ്യമായി സ്‌ക്രീനില്‍ തെളിയുമ്പോള്‍ തന്നെ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളം ഉയരുകയായിരുന്നു.
വി എഫ് എക്‌സിന്‍റെയും ത്രിഡി ദൃശ്യമികവിന്‍റെയും അത്ഭുത ലോകമാണ് ബറോസിലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ടാവുക. നൂറ്റാണ്ടുകളായി വിശ്വാസ്‌തതയോടെ നിധികാക്കുകന്ന ഭൂതം. വഴി കാട്ടാന്‍ ആഫ്രിക്കന്‍ മാന്ത്രികവിദ്യയുടെ പ്രതീകമായ വൂഡോ എന്ന പാവയും. ഒപ്പം ഭാവി രേഖപ്പെടുന്ന മാന്ത്രിക പുസ്‌തകവും ഇതൊക്കെ ചേര്‍ന്നുകൊണ്ട് മനോഹരമായ കാഴ്‌ചകളാണ് സന്തോഷ് ശിവന്‍ ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.
ത്രീഡി ക്യാമറയില്‍ തന്നെ ചിത്രീകരിച്ചതുകൊണ്ട് തന്നെ അമ്പരപ്പിക്കുന്ന കാഴ്‌ചാനുഭവം പ്രേക്ഷകര്‍ക്കും അതേ അളവില്‍ തന്നെ അനുഭവപ്പെടും. ബറോസിൽ മോഹൻലാല്‍ പാടി എന്നതും ചിത്രത്തിന്‍റെ മറ്റൊരു ആകര്‍ഷണമാണ്. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് ആരാധകരുടെ അഭിപ്രായം.
പ്രതീക്ഷയ്ക്കപ്പുറമുള്ള സ്വീകാര്യതയാണ് ചിത്രം നേടിയത്. ആദ്യദിനത്തിലെ ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്തു വരുമ്പോള്‍ 3.6 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും ബറോസ് നേടിയത്.
മലയാളത്തിന്‍റെ മഞ്ഞുമ്മല്‍ ബോയ്‌സിന്‍റെയും ബോഗയ്‌ന്‍വില്ലയുടെയും കളക്ഷന്‍ റെക്കോര്‍ഡ് ആണ് ആദ്യ ദിനത്തില്‍ ബറോസ് മറികടന്നത്. ബോഗയ്‌ന്‍വില്ല 3.3 കോടി രൂപയാണ് നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് 3.3 കോടിയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആദ്യ ദിനത്തില്‍ കേരളത്തിലെ തിയേറ്റര്‍ 57.22 ശതമാനം ഒക്യുപൻസിയാണ് ബറോസ് രേഖപ്പെടുത്തിയത്. മോണിംഗ് ഷോയില്‍ ഒക്യുപ്പന്‍സി 49.56 ശതമാനമായിരുന്നു. ഇത് ഉച്ചയ്ക്ക് 59.39 ശതമാനമായി വര്‍ധിച്ചു. വൈകുന്നേരമാകുമ്പോഴേക്കും 65.36 ശതമാനമായി മാറി, സെക്കന്‍ഡ് ഷോ ആകുമ്പോഴേക്കും 45.55 ശതമാനമായിരുന്നു. പ്രധാന ട്രാക്കര്‍മാരായ സാക് നില്‍ക് നല്‍കുന്ന റിപ്പോര്‍ട്ടാണിത്. 127 ഷോകളില്‍ കൊച്ചിയിൽ 68.75 ശതമാനം ഒക്യുപൻസിയായിരുന്നു. തിരുവനന്തപുരത്ത് 52.5 ശതമാനം ഒക്യുപൻസിയിൽ 114 ഷോകളും നടന്നു.
മോഹൻലാലിൻ്റെ മുൻ റിലീസായ മലൈക്കോട്ടൈ വാലിബനേക്കാൾ വളരെ കുറവാണ് ബറോസിന്‍റെ ഓപ്പണിംഗ് കളക്ഷന്‍. വാലിബൻ ആദ്യദിനം 5.65 കോടി രൂപയാണ് ആദ്യ ദിനത്തില്‍ നേടിയത്.
ഇന്ത്യയിൽ ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്‌ത മുഫാസ: ദി ലയൺ കിംഗും മൂന്നാം ആഴ്‌ചയിൽ ഇപ്പോഴും ശക്തമായി മുന്നേറുന്ന പുഷ്‌പ 2: ദ റൂളുമാണ് ബോക്‌സ് ഓഫീസിൽ ബറോസിനോട് ഏറ്റുമുട്ടാനുള്ളത്.
കുട്ടികളുടെ ഫാന്‍റസി വിഭാഗത്തില്‍പ്പെടുന്ന ബറോസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദിന്‍റെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ബറോസ്.
അതേസമയം 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയുടെ പട്ടികയിൽ ബറോസിന് മുന്നിലെത്താൻ സാധിക്കുമോയെന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. ബറോസിന്‍റെ റിലീസ് പാൻ ഇന്ത്യ ചിത്രമായിട്ടാണ് എന്നതും പ്രത്യേകതയാണ്.
കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം ബറോസ് നേടി. ലോകത്തിലെ ഏറ്റവും മികച്ച കലാകാരന്മാരും സംഗീതഞ്ജരുമാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 19 കാരനായ സംഗീത വിസ്‌മയമായി അറിയപ്പെടുന്ന ലിഡിയന്‍ നാദസ്വരം ആണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.
വന്‍ പ്രേക്ഷക പ്രതികരണത്തോടെ റിലീസായ ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' ആഷിഖ് അബു സംവിധാനം ചെയ്‌ത 'റൈഫിള്‍ ക്ലബ്', വരുണ്‍ കീര്‍ത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന 'ബേബി ജോണ്‍' എന്നിവയൊക്കെ തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്നുണ്ട്. മാര്‍ക്കോ ആദ്യ ദിനത്തില്‍ തന്നെ 4.65 കോടി രൂപ നേടിയിരുന്നു. ആറാം ദിനമായപ്പോഴേക്കും 25 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. എന്നാല്‍ ബറോസ് ബോക്‌സോഫില്‍ കുതിച്ച് മാര്‍ക്കോയുമായി കൊമ്പുകോര്‍ക്കുമോ എന്നാണ് പ്രേക്ഷകര്‍ നോക്കുന്നത്.
Also Read:ബറോസ് ശരവേഗത്തിൽ റെക്കോർഡുകൾ തകർക്കുമോ? ആദ്യ പ്രേക്ഷക പ്രതികരണം