ഗാസ: ഗാസയില്‍ ഒരു വാഹനത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ. ഒരു ആശുപത്രി നല്‍കിയ വിവരങ്ങള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. അല്‍ഖ്വദ്‌സ് ടുഡേ ടെലിവിഷന്‍റെ വാഹനമാണ് ആക്രമണത്തിനിരയായത്. ഗാസ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ചാനലാണിത്. പലസ്‌തീന്‍ ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പുമായി ബന്ധമുള്ള ചാനല്‍ കൂടിയാണിത്. അല്‍ അവ്‌ദ ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അയ്‌മന്‍ അല്‍ ജാദി, ഫൈസല്‍ അബു ഖ്വസ്‌മന്‍, മുഹമ്മദ് അല്‍ ലഡ, ഇബ്രാഹിം അല്‍ ഷെയ്‌ഖ് അലി, ഫാദി ഹസൗന്ന എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥലത്തുണ്ടായിരുന്ന മറ്റ് ചില മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ആക്രമണമുണ്ടാകുമ്പോള്‍ ഇവര്‍ വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്നു.
തീപിടിച്ച വാഹനത്തിന്‍റെ പിന്‍ഭാഗത്തെ വാതിലില്‍ വലിയ അക്ഷരങ്ങളില്‍ പ്രസ് എന്നും ടിവി എന്നുമുള്ള അക്ഷരങ്ങള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തെ അല്‍ ഖ്വദ്‌സ് ടുഡേ ടെലിവിഷന്‍ അപലപിച്ചു. മാധ്യമപ്രവര്‍ത്തനവും മാനുഷിക പ്രവര്‍ത്തനങ്ങളും നടത്തുന്നതിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. അതേസമയം നുസ്‌റെയ്‌ത് മേഖലയ്ക്കുള്ളിലുള്ള ഇസ്‌ലാമിക് ജിഹാദ് ഭീകരര്‍ക്കെതിരെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്‌താവനയില്‍ പറഞ്ഞു.
കഴിഞ്ഞ കൊല്ലം ഒക്‌ടോബര്‍ ഏഴിന് ശേഷം ഇതുവരെ ഗാസയിലും ഇസ്രയേലിലും വെസ്‌റ്റ്ബാങ്കിലും ലെബനനിലുമായി 141 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്‌ട് ജേര്‍ണലിസ്‌റ്റ്(സിപിജെ)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1992ല്‍ സിപിജെ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ട കാലം. കൊല്ലപ്പെട്ടവരില്‍ 133 പേരും ഗാസയിലെ പലസ്‌തീനികളാണ്. റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്.
ഈ മാസം ആദ്യം ഗാസയില്‍ നടന്ന വ്യോമാക്രമണത്തില്‍ അല്‍ജസീറയുടെ ഒരു ഫോട്ടോ ജേര്‍ണലിസ്‌റ്റും കൊല്ലപ്പെട്ടിരുന്നു. അഹ്മ്മദ് അല്‍ ലൗഹ്(39) ആണ് മരിച്ചത്. നേരത്തെ നടന്ന ബോംബാക്രമണത്തില്‍ പരിക്കേറ്റ കുടുബത്തെ രക്ഷിക്കാന്‍ പ്രതിരോധ സേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ലൗഹ് മൃഗീയമായി കൊല്ലപ്പെട്ടത്.
ഹമാസിന്‍റെ കമാന്‍ഡ്-കണ്‍ട്രോള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥലം ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രയേല്‍ സേനയുടെ വിശദീകരണം. അല്‍ ലൗഹ് ഒരു ഭീകരനാണെന്നും ഇസ്രയേല്‍ ആരോപിച്ചു. ഇസ്‌ലാമിക് ജിഹാദികളുമായി ബന്ധപ്പെട്ട് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നു ഇസ്രയേല്‍ അവകാശപ്പെട്ടു.
Also Read: ക്രിസ്‌മസ് രാവിലും ശമനമില്ല, യുക്രെയ്‌ന്‍ താപവൈദ്യുത പ്ലാന്‍റ് ആക്രമിച്ച് റഷ്യ; മെട്രോ സ്റ്റേഷനില്‍ അഭയം തേടി ജനങ്ങള്‍