ഹൈദരാബാദ്: പുതുവർഷമാവുമ്പോഴേക്കും പുതുക്കിയ വാഹനങ്ങളുടെ നിര തന്നെ ഒരുക്കുകയാണ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ഇന്ത്യ. ആക്‌ടിവ 125, എസ്‌പി 125, എസ്‌പി 160 എന്നിങ്ങനെ നിരവധി മോഡലുകളുടെ പുതുക്കിയ പതിപ്പുകൾ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഹോണ്ട യൂണികോണിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.
വാഹനങ്ങൾ പാരിസ്ഥിതിക, എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി OBD2B മാനദണ്ഡങ്ങൾ 2025ൽ നടപ്പാക്കാനിരിക്കെ, അതിനനുസരിച്ചുള്ള നിയമങ്ങൾ പാലിക്കുന്ന തരത്തിലാണ് വാഹനങ്ങൾ കമ്പനി അപ്‌ഡേറ്റ് ചെയ്യുന്നത്. പുതിയ ഹോണ്ട യൂണികോണും, അടുത്തിടെ പുറത്തിറങ്ങിയ ആക്‌ടിവ 125, എസ്‌പി 125 മോഡലുകളും OBD2B മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്.
ഇതിനുപുറമെ പുതിയ ഹോണ്ട യൂണികോണിൽ മറ്റ് അപ്‌ഗ്രേഡുകളും വരുത്തിയിട്ടുണ്ട്. കൂടാതെ വിലയും വർധിച്ചിട്ടുണ്ട്. 1.19 ലക്ഷം രൂപയാണ് ഹോണ്ട യൂണികോണിന്‍റെ പുതുക്കിയ പതിപ്പിന്‍റെ എക്‌സ്‌ഷോറൂം വില. ഇത് മുൻ മോഡലിനേക്കാൾ 8,000 രൂപ കൂടുതലാണ്. പുതിയ മോഡലിന്‍റെ മറ്റ് ഫീച്ചറുകൾ നോക്കിയാൽ ഓൾ-എൽഇഡി ഹെഡ്‌ലൈറ്റ്, അപ്‌ഡേറ്റ് ചെയ്‌ത ഓൾ-ഡിജിറ്റൽ എൽസിഡി ക്ലസ്റ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, 'ഇക്കോ' ഇൻഡിക്കേറ്റർ എന്നിവ നൽകിയിട്ടുണ്ട്. അതേസമയം ഓൾ-എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റിൻ്റെ ഡിസൈനും ലേയൗട്ടും മുൻമോഡലിന് സമാനമാണ്.
പുതിയ ഹോണ്ട യൂണികോണിൽ 15 വാട്ട് യുഎസ്ബി-സി ചാർജിങ് പോർട്ടും നൽകിയിട്ടുണ്ട്. മുൻമോഡലിന് സമാനമായ 162.71 സിസി സിംഗിൾ സിലിണ്ടർ ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിൻ ആണ് 2025 ഹോണ്ട യൂണികോണിൽ നൽകിയിരിക്കുന്നത്. 13.1 ബിഎച്ച്‌പി കരുത്തും 14.58 എൻഎം ടോർക്കും നൽകുന്ന എഞ്ചിനാണ് ക്രമീകരിച്ചിരിക്കുന്നത്. 5-സ്‌പീഡ് ഗിയർബോക്‌സാണ് എഞ്ചിനൊപ്പം ജോടിയാക്കിയിരിക്കുന്നത്. പുതിയ ഹോണ്ട യൂണികോൺ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. റേഡിയൻ്റ് റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നിവയാണ് കളർ ഓപ്‌ഷനുകൾ.
Also Read:
- റോയൽ എൻഫീൽഡിനും ഹിമാലയനും എതിരാളി: പുതിയ അഡ്വഞ്ചർ ബൈക്കുമായി കവസാക്കി
- സ്വർണം പൂശിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒല: റീൽസ് എടുത്തോ...ടാഗ് ചെയ്‌തോ.. വാഹനം സ്വന്തമാക്കാം
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ
- 2024ൽ പുറത്തിറക്കിയ പത്ത് മികച്ച എസ്‌യുവികൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം
- മഹീന്ദ്രയുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവികൾ കണ്ട് അതിശയന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി: വൈറൽ വീഡിയോ