തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി രഹസ്യ ചര്‍ച്ച നടത്തിയ ഇപി ജയരാജന്‍റെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിപ്പിച്ച് കൈ കഴുകിയ സിപിഎമ്മിനെ തൊട്ടുപിന്നാലെ വന്ന മറ്റൊരു ആര്‍എസ്എസ് കൂടിക്കാഴ്‌ച വിവാദം ഊരാക്കുടുക്കിലാക്കുന്നു. ജയരാജനെ കൈവിട്ട സിപിഎം, ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതില്‍ പാര്‍ട്ടിയിലും അമര്‍ഷം ഉയരുന്നു. 2023 മെയ് മാസത്തില്‍ നടന്ന കൂടിക്കാഴ്‌ചയുടെ വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സെപ്‌റ്റംബര്‍ 4ന് വെളിപ്പെടുത്തുന്നതുവരെ രഹസ്യമാക്കി വയ്ക്കുകയായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്.
2023ന് അജിത്കുമാര്‍ തൃശൂര്‍ പാറമേക്കാവിലെത്തി ഹെസബാലെയുമായി കൂടിക്കാഴ്‌ച നടത്തിയതിന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം മേലധികാരികളെ അറിയിച്ചിരുന്നു. ഇക്കാര്യ ഇന്‍റലിജന്‍സ് മേധാവി സംസ്ഥാന പൊലീസ് മേധാവിയെയും സംസ്ഥാന പൊലീസ് മേധാവി ഇത് മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു എന്ന വിവരവും പുറത്തുവന്നതോടെ സിപിഎം തികച്ചും പ്രതിരോധത്തിലായി. തന്‍റെ കീഴില്‍ ക്രമസമാധാന പാലനത്തിന്‍റെ സുപ്രധാന പദവിയിലിരിക്കുന്ന ഒരുന്നത ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറിയെ കണ്ട കാര്യം ഒരു കൊല്ലക്കാലത്തിലേറെയായി മുഖ്യമന്ത്രി അറിഞ്ഞിട്ടും എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യം ഉയരുകയാണ്.
നടപടി സ്വീകരിച്ചില്ലെങ്കില്‍ അതിന് കാരണമെന്തെന്ന ചോദ്യവും ഉയരുന്നു. അവിടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അജിത് കുമാര്‍ ആര്‍എസ്‌എസ് നേതാവുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് മറുപടി നല്‍കാന്‍ സിപിഎം നിര്‍ബന്ധിതമാകുന്നത്. മുഖ്യമന്ത്രിയെ കൂടിക്കാഴ്‌ച വിവരം സംസ്ഥാന പൊലീസ് മേധാവി അറിയിച്ചെങ്കില്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി അറിഞ്ഞിട്ടുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
ശശിയുമായി നിരന്തര ബന്ധം പുലര്‍ത്തുന്ന അജിത് കുമാര്‍ ഇങ്ങനെയൊരു രഹസ്യ സന്ദര്‍ശനം നടത്തിയ വിവരം അറിഞ്ഞിട്ടും ഡിജിപിയോട് ശശി വിശദീകരണം ആവശ്യപ്പെട്ടിരുന്നോ അല്ലെങ്കില്‍ ആരുടെ നിര്‍ദേശ പ്രകാരമായിരുന്നു കൂടിക്കാഴ്‌ച എന്ന കാര്യം ശശിക്കറിയാമായിരുന്നു എന്ന സംശയവും സിപിഎമ്മിന് നേരെ ഉയരുന്നു. മാത്രമല്ല ഈ കൂടിക്കാഴ്‌ചയാണ് 2024ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് നടന്ന തൃശൂര്‍ പൂരം അലങ്കോലമാക്കുന്നതിലേക്ക് നയിച്ചതെന്നും അതുവഴി ബിജെപിക്ക് തൃശൂര്‍ സീറ്റ് നേടുന്നതിലേക്ക് നയിച്ചതെന്നുമുള്ള പ്രതിപക്ഷ ആരോപണവും തറയ്ക്കുന്നത് സിപിഎമ്മിന്‍റെ ഹൃദയത്തിലാണ്.
ഫലത്തില്‍ സംഘ്‌പരിവാറിനെതിരാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും രഹസ്യമായി അവരുമായി ചങ്ങാത്തത്തിലാകുകയും ചെയ്യുന്ന പ്രസ്ഥാനമെന്ന ആരോപണം ജയരാജന്‍ സംഭവത്തിന് പിന്നാലെ വീണ്ടും സിപിഎമ്മിനെ ബാധിക്കുകയാണ്. ജയരാജന്‍-ജാവദേക്കര്‍ കൂടിക്കാഴ്‌ച വെളിപ്പെടുത്തല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ അടിവേരിളക്കിയെങ്കില്‍ അജിത് കുമാര്‍-ആര്‍എസ്‌എസ് പാലം എന്ന ആരോപണം സിപിഎമ്മിനെ അതിലും ശക്തിയില്‍ ഉലയ്ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രത്യേകിച്ചും തികഞ്ഞ ന്യൂനപക്ഷ അനുഭാവം ഒരിടത്ത് പ്രകടിപ്പിക്കുന്ന സിപിഎം മറുഭാഗത്ത് ബിജെപിയുമായി കിടക്കറ പങ്കിടുന്നു എന്നതാണ് പ്രതിപക്ഷ ആരോപണം.