തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ കുടുംബത്തിന് സഹായ വാഗ്‌ദാനവുമായി അദാനി ഗ്രൂപ്പ്. ഒരു കോടി രൂപ അനന്തുവിന്‍റെ കുടുംബത്തിന് നഷ്‌ട പരിഹാരമായി നല്‍കുമെന്ന് അദാനി കമ്പനി പ്രതിനിധികള്‍ അറിയിച്ചു.
മരിച്ച അനന്തുവിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിട്ട് കണ്ടാണ് നഷ്‌ട പരിഹാരം നല്‍കുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലും കുടുംബത്തിന് അദാനി കമ്പനി നഷ്‌ട പരിഹാരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
സമാനമായി ടിപ്പര്‍ ലോറിയില്‍ നിന്നും പാറക്കല്ല് വീണുണ്ടായ അപകടത്തില്‍ കാല്‍ നഷ്‌ടപ്പെട്ട അധ്യാപിക സന്ധ്യാറാണിക്കും നഷ്‌ട പരിഹാരം നല്‍കുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ തുക ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകും.
വാര്‍ത്താക്കുറിപ്പ് ഇങ്ങനെ :വിഴിഞ്ഞത്തെ അദാനി തുറമുഖ നിര്‍മാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറില്‍ നിന്നും കല്ല് തെറിച്ചുവീണതിനെ തുടര്‍ന്ന് മരണപ്പെട്ട ബൈക്ക് യാത്രികനായ ബിഡിഎസ് വിദ്യാര്‍ഥി അനന്തുവിന്‍റെ കുടുംബത്തിന് നഷ്‌ട പരിഹാര തുകയായി ഒരു കോടി രൂപ നല്‍കുമെന്ന് കമ്പനി പ്രതിനിധികള്‍ വീട്ടിലെത്തി അറിയിച്ചു. കഴിഞ്ഞ ദിവസം കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
ഈ സഹായം കൊണ്ട് അനന്തുവിന്‍റെ ജീവന് പകരമാകില്ലെങ്കിലും വിദ്യാഭ്യാസ വായ്‌പകള്‍ ഉള്‍പ്പടെ കടുത്ത സാമ്പത്തിക ബാധ്യതകള്‍ നിലവിലുള്ള ആ കുടുംബത്തിന് ആശ്വാസം പകരുമെന്ന് വിശ്വസിക്കാം. അതുപോലെ തുറമുഖത്തേക്കുള്ള പാറക്കല്ലുകള്‍ കയറ്റിയ ടിപ്പറിലെ പാറ വീണ് കാലിന് ഗുരുതര പരിക്കേറ്റ ടീച്ചര്‍ക്കും അര്‍ഹമായ നഷ്‌ട പരിഹാരം രണ്ടുദിവസത്തിനകം തീരുമാനിച്ച് അറിയിക്കാമെന്നും അദാനി തുറമുഖ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സാധന സാമഗ്രികള്‍ എത്തിക്കുന്ന വാഹനങ്ങള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നിബന്ധനകള്‍ ഇന്ന് (മാര്‍ച്ച് 23) ജില്ല കലക്‌ടര്‍ പുറത്തിറക്കിയിട്ടുണ്ട്. ആയത് ക്യത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ അധികാരികളും പൊലീസും ഗതാഗത വകുപ്പും തയ്യാറായാല്‍ ഇനിയെങ്കിലും ഇതുപോലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
ഈ മാസം 19ന് രാവിലെ 8 മണിക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ സൈറ്റിലേക്ക് അമിത ലോഡുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറിയില്‍ നിന്ന് പാറക്കല്ല് തെറിച്ച് വീണ് പിന്നാലെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ബിഡിഎസ് വിദ്യാര്‍ഥി അനന്തു ബി അജിത്കുമാര്‍ ദാരുണമായി കൊല്ലപ്പെട്ടത്. അനന്തുവിന്‍റെ വീടിന് സമീപത്തുനിന്ന് 500 മീറ്റര്‍ അകലെവച്ചായിരുന്നു അപകടം. നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയായ അനന്തു കോളജിലേക്ക് പോകവേയായിരുന്നു അപകടം. ഇക്കഴിഞ്ഞ 2023 ഡിസംബര്‍ 19നാണ് വിഴിഞ്ഞം ജംഗ്ഷനില്‍ വച്ച് അധ്യാപികയായ സന്ധ്യാറാണി ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ടത്. അപകടത്തില്‍ വലതുകാല്‍ മുറിച്ച് മാറ്റുകയായിരുന്നു.