കേരളം

kerala

ETV Bharat / state

സിപിഎമ്മിലും 'പവര്‍ ഗ്രൂപ്പ്', നേതൃസ്ഥാനത്ത് മുഖ്യമന്ത്രി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കയ്യില്‍ വച്ചാണ് മുകേഷിനെ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ചതെന്ന് വിഡി സതീശൻ - VD Satheesan Against CPM

കഴിഞ്ഞ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മുകേഷിനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കയ്യില്‍ വച്ചാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ആരോപണം.

വിഡി സതീശൻ  സിപിഎം മുകേഷ്  VD SATHEESAN AGAINST MUKESH  HEMA COMMITTEE REPORT
File Photos Of Pinarayi Vijayan, VD Satheesan and M Mukesh (IANS)

By ETV Bharat Kerala Team

Published : Aug 30, 2024, 1:16 PM IST

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2023-ല്‍ മുകേഷിന് പഠിക്കാന്‍ കൊടുത്തിട്ടാണ് 2024-ല്‍ സിപിഎം മുകേഷിനെ ലോക്‌സഭ സ്ഥാനാര്‍ഥിയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതേ റിപ്പോര്‍ട്ട് കയ്യില്‍ വച്ചു കൊണ്ടാണ് 2021-ല്‍ മുകേഷിനെ സിപിഎം കൊല്ലം നിയമസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയത്. എത്ര ലാഘവത്തോടെയാണ് സിപിഎം സ്ത്രീപക്ഷ വിഷയങ്ങളെ കാണുന്നതെന്നതിന് ഇതിലും വലിയ ഉദാഹരണം ആവശ്യമില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച് മലയാള സിനിമയുടെ നയം രൂപീകരിക്കാനാണ് 2023 ജൂലൈയില്‍ മുകേഷ് ഉള്‍പ്പെടെ 10 അംഗങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സിനിമ നയ രൂപീകരണ കമ്മിറ്റി രൂപീകരിച്ചത്. അപ്പോള്‍ മുകേഷ് തന്നെ ഉള്‍പ്പെടെ കുറ്റപ്പെടുത്തുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ട്. എന്നിട്ടാണ് റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ഹേമ കമ്മിറ്റി പറഞ്ഞു എന്ന പച്ചക്കള്ളം മുഖ്യമന്ത്രി തട്ടി വിടുന്നത്.

കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ കുടപിടിച്ചു കൊടുക്കുകയാണ്. ഇത്രയും കുഴപ്പം ചെയ്‌തിട്ടും ഇവര്‍ക്കൊന്നും ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ വരും കാലങ്ങളില്‍ സിനിമാരംഗം കൂടുതല്‍ വഷളാകും. ധൈര്യമായി അഭിപ്രായം പറഞ്ഞിട്ടും സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും ഭാഗത്ത് നിന്നും നിയമപരമായ പരിഹാരം ഉണ്ടായില്ലെങ്കില്‍ അത് നിരാശയിലേക്ക് പോകും.

നീതിന്യായ വ്യവസ്ഥകളുടെ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്. നിയമവിരുദ്ധമായാണ് സാംസ്‌കാരിക മന്ത്രി സംസാരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിര്‍ത്തി.

അദ്ദേഹത്തെ ഇപ്പോള്‍ കാണാന്‍ പോലുമില്ല. വാര്‍ത്താസമ്മേളനം നടത്തിയാലും അദ്ദേഹത്തിന് ഇഷ്‌ടമുള്ള ചോദ്യങ്ങള്‍ക്ക് മാത്രമെ മറുപടി നല്‍കൂ. ആരോപണവിധേയനായ മുകേഷ് രാജിവയ്ക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തണമെന്നതുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

രാജിക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മുകേഷും സിപിഎമ്മുമാണ്. മുകേഷ് രാജിക്ക് തയാറാകാത്ത സാഹചര്യത്തില്‍ സിപിഎമ്മാണ് തീരുമാനം എടുക്കേണ്ടത്. ഘടകകക്ഷികളും നേതാക്കളും സമ്മര്‍ദം ചെലുത്തിയിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും അനങ്ങുന്നില്ല.

ആരോപണവിധേയനെ സംരക്ഷിക്കുന്ന നിലപാട് എടുത്ത സിപിഎം ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരായി നില്‍ക്കുകയാണ്. കുറ്റാരോപിതരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വലിയൊരു പവര്‍ ഗ്രൂപ്പ് സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ആനി രാജയും ബൃന്ദ കാരാട്ടും ബിനോയ് വിശ്വവുമൊക്കെ ദുര്‍ബലരാണ്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തതിനാലാണ് സിനിമരംഗത്തെ നിരപരാധികളും അപമാനിതരായി നില്‍ക്കുന്നത്.

ഇപ്പോള്‍ പുറത്തുവന്നതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. എന്നിട്ടും റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം നടത്തില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്. മുകേഷിനെ ഉള്‍പ്പെടുന്ന സിനിമ നയരൂപീകരണ സമിതിക്കാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പഠിക്കാന്‍ നല്‍കിയത്.

പുറത്തു വരാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ റിപ്പോര്‍ട്ടാണ് മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ വായിച്ചത്. ഈ റിപ്പോര്‍ട്ടും കയ്യില്‍ വച്ചുകൊണ്ടാണ് മുകേഷിനെ നിയമസഭ തെരഞ്ഞെടുപ്പിലും പിന്നീട് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയാക്കിയത്. എത്ര ലാഘവത്തോടെയാണ് സിപിഎം സ്ത്രീപക്ഷ വിഷയത്തെ കാണുന്നത്? തൊഴിലിടത്ത് സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒളിച്ചുവച്ച് വീണ്ടും നിയമ ലംഘനം നടത്തി. അതുകൂടി ചര്‍ച്ച ചെയ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read :'സിപിഎം മുകേഷിനെ സംരക്ഷിക്കുന്നു, ഇവര്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ സമരം നടത്തിയത് എന്തിന്?': വിഡി സതീശന്‍

ABOUT THE AUTHOR

...view details