തിരുവനന്തപുരം:മിനു മുനീര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന ആരോപണവുമായി നടനും എംഎല്‍എയുമായ മുകേഷ്. 2009-ല്‍ സിനിമയില്‍ അവസരം തേടുന്നയാള്‍ എന്നു പരിചയപ്പെടുത്തി ഒരു സ്ത്രീ തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും ഫോട്ടോ ആല്‍ബവുമായി വന്ന അവര്‍ മിനു കുര്യന്‍ എന്ന് പരിചയപ്പെടുത്തിയെന്നും മുകേഷ് പ്രസ്‌താവനയിൽ വ്യക്തമാക്കി.
സിനിമയിൽ അവസരങ്ങൾക്കായി സഹായിക്കണം എന്ന് പറഞ്ഞാണ് മിനു മുനീർ ബന്ധപ്പെട്ടത്. ഇങ്ങനെ പറഞ്ഞപ്പോള്‍ സാധാരണ പറയാറുള്ളതു പോലെ ശ്രമിക്കാം എന്ന് മാത്രം പ്രതികരിച്ചു മടക്കി. ഇതിനു ശേഷം തൻ്റെ മാന്യമായ പെരുമാറ്റത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് അവര്‍ സന്ദേശമയച്ചു. ആ സമയത്തൊന്നും എൻ്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും പോരായ്‌മകൾ ഉണ്ടെന്ന് പറയുകയോ അനിഷ്‌ടം പ്രകടിപ്പിക്കുകയോ ചെയ്‌തിട്ടില്ല.
പിന്നീട് വളരെക്കാലത്തേക്ക് അവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. 2022 ല്‍ ഇതേ സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടു. ഇത്തവണ അവര്‍ മിനു മുനീര്‍ എന്നാണ് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് അവര്‍ വലിയൊരു സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. ഞാന്‍ നിസഹായത അറിയിച്ചപ്പോള്‍ ഒരു ലക്ഷമെങ്കിലും മതിയെന്നായി. ഈ തുക ആവശ്യപ്പെട്ട് തനിക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇവരുടെ ഭര്‍ത്താവ് എന്നവകാശപ്പെട്ടുകൊണ്ട് ഫോണില്‍ വിളിച്ച് മറ്റൊരാളും വന്‍ തുക ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്‌ത ഈ സംഘം ഇപ്പോള്‍ അവസരം ലഭിച്ചപ്പോള്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇവര്‍ തനിക്കയച്ച സന്ദേശങ്ങള്‍ സംബന്ധിച്ച തെളിവുകളുടെ പിന്‍ബലത്തിലാണ് താനിക്കാര്യം വെളിപ്പെടുത്തുന്നത്.
താന്‍ ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസ്സോ ഹനിക്കപ്പെടാന്‍ കൂട്ടു നില്‍ക്കുന്ന ഒരാളല്ല. എന്നാല്‍ ബ്ലാക്ക് മെയിലിങ് തന്ത്രങ്ങള്‍ക്ക് കീഴടങ്ങാനും തയ്യാറല്ല. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വരണം. ആരോപണങ്ങളുടെ പുകമറ സൃഷ്‌ടിച്ച് മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കെണിവയ്ക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകും.
താന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു. വസ്‌തുനിഷ്‌ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണ്. എങ്കിലേ പൊതു സമൂഹം ചര്‍ച്ച ചെയ്‌ത് വരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തു വരികയുള്ളൂ.
വ്യക്തി എന്ന നിലയില്‍ മാത്രമല്ല, ജനപ്രതിനിധി എന്ന നിലയ്ക്കും പൊതു സമൂഹത്തോട് എനിക്ക് ഉത്തരവാദിത്തമുണ്ട്. രാഷ്ട്രീയമായി വേട്ടയാന്‍ വരുന്നവരോട് പരാതിയില്ല. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്തി 2018 ല്‍ ഇതേ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പൊതു സമൂഹം അത് തള്ളിക്കളഞ്ഞതായും മുകേഷ് പ്രസ്‌താവനയില്‍ പറഞ്ഞു.
Also Read:മുകേഷിനെതിരെയും ആരോപണം; ചർച്ചയായി ടെസ് ജോസഫിൻ്റെ 2018 ലെ മീ ടൂ