കേരളം

kerala

ETV Bharat / state

പൊലീസ് കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പട്ടിക്കൂട്ടിൽ നിന്ന് പിടി കൂടി - ACCUSED CAUGHT FROM KENNEL

വൈദ്യപരിശോധനയ്ക്കായി പോകുന്ന വഴിയില്‍ പ്രതി രക്ഷപ്പെട്ടു. തിരച്ചിലിനൊടുവില്‍ പ്രതിയെ പട്ടിക്കൂട്ടില്‍ നിന്നും പൊലീസ് പിടി കൂടി.

ERNAKULAM NEWS  പ്രതി പട്ടിക്കൂട്ടിൽ  ACCUSED ESCAPED FROM CUSTODY
പ്രതി മനീഷ് (ETV Bharat)

By ETV Bharat Kerala Team

Published : May 30, 2024, 9:03 PM IST

എറണാകുളം: കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ പട്ടിക്കൂട്ടിൽ നിന്ന് പിടി കൂടി പള്ളുരുത്തി പൊലീസ്. അരൂക്കുറ്റി വടുതല സ്വദേശി തട്ടേക്കാട് ചെട്ടിപ്പറമ്പ് മനീഷ് (29) നെയാണ് പട്ടിക്കൂട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്.

കാപ്പ നിയമ പ്രകാരം പള്ളുരുത്തി പൊലീസായിരുന്നു പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. ബുധനാഴ്ച്ച വൈകിട്ട് കൈവിലങ്ങ് അണിയിച്ച് കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെ പൊലീസിൻ്റെ കണ്ണു വെട്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് കരുവേലിപ്പടി മൈത്രി നഗറിലെ രണ്ട് വീടുകളിൽ കയറി ഇയാൾ ഒളിച്ചിരിക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ അനുവദിച്ചില്ല. ഇതോടെയാണ് സമീപത്തെ ഡോക്‌ടറുടെ വീട്ടിൽ മനീഷ് എത്തിയത്. വീട്ടുകാർ കാണാതെ ഇവിടെയുള്ള ഒഴിഞ്ഞ പട്ടിക്കൂട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.

പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തി. ഇതിനിടെയാണ് പട്ടിക്കൂട്ടിൽ പതുങ്ങിയിരിക്കുകയായിരുന്ന പ്രതിയെ പൊലീസ് കണ്ടെത്തിയത്. പിന്നീട് പ്രതിയെ കയ്യോടെ പിടി കൂടി വൈദ്യപരിശോധന പൂർത്തിയാക്കുകയായിരുന്നു.

കൊലപാതക ശ്രമം, മോഷണം, ലഹരിവിൽപ്പന ഉൾപ്പടെ ഒരുപാട് കേസുകളിൽ ഉൾപ്പെട്ട മനീഷിനെ കാപ്പ ചുമത്തി ജയിലിലടയ്ക്കാനായിരുന്നു ഉത്തരവ്. ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അവിടെ നിന്നും പള്ളുരുത്തി ഇൻ സ്‌പെക്‌ടർ സഞ്ചു ജോസഫിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടി കൂടിയാണ് കൊച്ചിയിലെത്തിച്ചത്.

ALSO READ:'31 -ാം വയസില്‍ 81 കളവ് കേസുകൾ'; സ്ഥിരം മോഷ്‌ടാക്കളായ യുവാക്കളെ വലയിലാക്കി പൊലീസ്

ABOUT THE AUTHOR

...view details