തിരുവനന്തപുരം : സമാധാനപരവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് സംസ്ഥാനത്തുടനീളം 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കേരള പൊലീസും കേന്ദ്ര സേനയുമാണ് വോട്ടെടുപ്പിന് കര്‍ശന സുരക്ഷയൊരുക്കുന്നത്. സംസ്ഥാനത്താകെ 25,231 ബുത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
13,272 സ്ഥലങ്ങളിലാണ് ഇത്രയും ബൂത്തുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ഈ ബൂത്തുകളുടെ സുഗമമായ നടത്തിപ്പിനും സുരക്ഷയ്ക്കുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്താകെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എഡിജിപി എം ആര്‍ അജിത് കുമാറാണ് പൊലീസ് വിന്യാസത്തിന്‍റെ നോഡല്‍ ഓഫീസര്‍.
പെലീസ് ആസ്ഥാനത്തെ ഐജി ഹര്‍ഷിദ അട്ടല്ലൂരിയാണ് സംസ്ഥാന അസിസ്‌റ്റന്‍റ് നോഡല്‍ ഓഫീസര്‍. ഇവരുടെ കീഴില്‍ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴില്‍ പൊലീസ് ജില്ലകളെ 144 ഇലക്ഷന്‍ സബ്‌ഡിവിഷന്‍ മേഖലകളാക്കിയിട്ടുണ്ട്. ഓരോന്നിന്‍റെയും ചുമതല ഡിവൈഎസ്‌പി അല്ലെങ്കില്‍ എസ്‌പിമാര്‍ക്കാണ്.
183 ഡിവൈഎസ്‌പിമാര്‍, 100 ഇന്‍സ്‌പെക്‌ടര്‍മാര്‍, 4540 എസ്‌ഐ, എഎസ്‌ഐമാര്‍, 23,932 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 2874 ഹോം ഗാര്‍ഡുകള്‍, 4383 ആംഡ് ബറ്റാലിയന്‍ അംഗങ്ങള്‍, 24,327 എസ്‌പിഒമാര്‍, എന്നിവരാണ് സംസ്ഥാനത്ത് സുരക്ഷയൊരുക്കുന്നത്. കൂടാതെ 62 കമ്പനി സിഎപിഎഫും സുരക്ഷയൊരുക്കുന്നുണ്ട്.
ഇതില്‍ 15 കമ്പനി മാര്‍ച്ച് 3-നും 21-നുമായി സംസ്ഥാനത്തെത്തിയിരുന്നു. ബാക്കി 47 കമ്പനി സേന തമിഴ്‌നാട്ടിലെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഏപ്രില്‍ 20 ന് സംസ്ഥാനത്തെത്തി. പ്രശ്‌ന ബാധിതമെന്നd കണ്ടെത്തിയ ബൂത്തുകളില്‍ കേന്ദ്ര സേനയെ ഉള്‍പ്പെടെ അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. ഓരോ പൊലീസ് സ്‌റ്റേഷന് കീഴിലും ക്രമസമാധാന പാലനത്തിനായി രണ്ട് വീതം പട്രോള്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ തെരഞ്ഞെടുപ്പ് ദിവസം ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ മൂലം തെരഞ്ഞെടുപ്പ് തടസപ്പെടാതിരിക്കാന്‍ ഒരു ദ്രുത കര്‍മ്മ സേനയെയും എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും വിന്യസിച്ചിട്ടുണ്ട്. മാവോയിസ്‌റ്റ് ബാധിത മേഖലകളിലെ വോട്ടര്‍മാര്‍ക്ക് ഭയ രഹിതമായി വോട്ട് ചെയ്യാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍ അറിയിച്ചു.
Also Read :തിരുവനന്തപുരം ഫോട്ടോ ഫിനിഷിലേക്ക്: പ്രവചനം അസാധ്യം, അടിയൊഴുക്കുകള്‍ വിധി നിര്‍ണയിക്കും - Thiruvananthapuram Constituency