കോഴിക്കോട് :വാഴക്കാട് ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ 17 കാരിയെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം (17 year old girl found dead in Chaliyar). എടവണ്ണപ്പാറ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയെ മുട്ടിങ്ങൽ കടവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മരണത്തിന് കാരണം കരാട്ടെ പരിശീലകന്‍റെ നിരന്തര പീഡനം ആണെന്ന് കുടുംബം ആരോപിച്ചു.
ഈ അധ്യാപകനെതിരെ പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നതെന്നും കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. പീഡനത്തെ കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റുപറഞ്ഞതായും പെൺകുട്ടിയുടെ സഹോദരിമാർ വെളിപ്പെടുത്തി (karate trainer's sexual assault).
സംഭവത്തിന് പിന്നാലെ പെൺകുട്ടി മാനസികമായി തളർന്നതിനാൽ സ്‌കൂൾ പഠനം നിർത്തിയിരുന്നു. ഈ അധ്യാപകൻ നേരത്തെ ഒരു പോക്സോ കേസിൽ റിമാൻഡിൽ കഴിഞ്ഞയാളാണെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. തനിക്ക് നേരിട്ട പീഡനങ്ങളെക്കുറിച്ച് ശിശുക്ഷേമ ഓഫിസിലേക്ക് പെൺകുട്ടി പരാതി അയച്ചിരുന്നു. ഇത് കൊണ്ടോട്ടി പൊലീസിന് കൈമാറിയതിനെ തുടർന്ന് പൊലീസ് മൊഴിയെടുക്കാൻ എത്തുകയും ചെയ്‌തു. എന്നാൽ, സംസാരിക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.
കേസുമായി മുന്നോട്ടുപോകവെ തിങ്കളാഴ്‌ച (19.02.2024) വൈകിട്ടോടെയാണ് പെൺകുട്ടിയെ കാണാതാവുന്നത്. പിന്നീട് നടത്തിയ തെരച്ചിലിൽ രാത്രി എട്ടുമണിയോടെ ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം കരാട്ടെ അധ്യാപകനായ സിദ്ദിഖിനെ വാഴക്കാട് പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. വിശദമായ മൊഴിയെടുത്ത ശേഷം സിദ്ദിഖിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.