കേരളം

kerala

ETV Bharat / state

ഒന്നും രണ്ടുമല്ല 7 കിലോമീറ്റര്‍ ; കൈകള്‍ കൂട്ടിക്കെട്ടി അഭിനന്ദ് നീന്തിക്കയറിയത് റെക്കോഡിലേക്ക് - Vembanad Lake

കൈകള്‍ ബന്ധിച്ച് വേമ്പനാട്ട് കായലില്‍ 7 കിലോ മീറ്ററോളം ദൂരം നീന്തി 12 കാരനായ അഭിനന്ദ് ഉമേഷ്

അഭിനന്ദ് ഉമേഷ് നീന്തല്‍ റെക്കോഡ്  വേമ്പനാട്ട് കായല്‍  അഭിനന്ദ് ഉമേഷ് വേമ്പനാട്ട് കായല്‍  Vembanad Lake  Abhinand Umesh Swimming Record
12 Year Old Boy 7km Swim Record

By ETV Bharat Kerala Team

Published : Feb 11, 2024, 3:07 PM IST

വേമ്പനാട്ട് കായല്‍ നീന്തി കടന്ന് അഭിനന്ദ് ഉമേഷ്

കോട്ടയം : കൈകള്‍ രണ്ടും കെട്ടി ആഴമേറിയ വേമ്പനാട്ട് കായലില്‍ ഏഴ് കിലോമീറ്ററോളം ദൂരം നീന്തി 12 വയസുകാരനായ അഭിനന്ദ് ഉമേഷ്. ഒരു മണിക്കൂര്‍ 21 മിനിറ്റ് സമയം കൊണ്ടാണ് അഭിനന്ദ് ദൗത്യം പൂര്‍ത്തിയാക്കിയത്. ശനിയാഴ്‌ച (ഫെബ്രുവരി 10) രാവിലെ 8:39ന് ആലപ്പുഴയിലെ വടക്കുംകര അമ്പലക്കടവില്‍ നിന്നും വൈക്കം കായലോര ബീച്ചിലേക്കാണ് അഭിനന്ദ് നീന്തി കയറിയത്. ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ട് കായലില്‍ കൂടുതല്‍ ദൂരം നീന്തിയ കൂട്ടിയായി ഇതോടെ മാറാനും അഭിനന്ദ് ഉമേഷിനായി.

പെരുമ്പാവൂർ പട്ടാൽ ഉമേഷ്‌ ഭവനിൽ ഉമേഷ്‌ ഉണ്ണികൃഷ്‌ണൻ ദിവ്യ ദമ്പതികളുടെ മകനാണ് അഭിനന്ദ് ഉമേഷ്. പെരുമ്പാവൂർ ഗ്രീൻവാലി പബ്ലിക്‌ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി. കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകന്‍ ബിജു തങ്കപ്പന്‍ ആണ് അഭിനന്ദിന് നീന്തലില്‍ ട്രെയിനിങ് നല്‍കിയത്.

വേമ്പനാട്ട് കായലിലൂടെ ഏഴ് കിലോ മീറ്ററോളം ദൂരം നീന്തി എത്തിയ അഭിനന്ദിന്‍റെ കയ്യിലെ വിലങ്ങ് അഴിച്ചത് പെരുമ്പാവൂര്‍ എംഎല്‍എ എൽദോസ് കുന്നപ്പിള്ളിലായിരുന്നു. വൈക്കം കായലോരബീച്ചിൽ നടന്ന അനുമോദന ചടങ്ങ് എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. വൈക്കം നഗരസഭ ചെയർപേഴ്‌സൺ പ്രീത രാജേഷ്, റിട്ടയേർഡ് കേണൽ സിമി ജോസഫ്, ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തി, ഡോ. ഹരിനാരായണൻ, പ്രോഗ്രാം കോ- ഓർഡിനേറ്റർ ശിഹാബ് കെ. സൈനു, നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അധ്യാപകരും നാട്ടുകാരുമടക്കം നിരവധി പേര്‍ അഭിനന്ദ് ഉമേഷിനെ അഭിനന്ദിക്കാന്‍ വൈക്കത്ത് എത്തിയിരുന്നു.

ABOUT THE AUTHOR

...view details