അഡ്‌ലെയ്‌ഡ്:വിമാനത്താവളത്തിലേക്കുള്ള യാത്രക്കായി ടീം ബസില്‍ കയറാൻ യശസ്വി ജയ്‌സ്വാള്‍ വൈകിയതില്‍ പ്രകോപിതനായി ഇന്ത്യൻ നായകൻ രോഹിത് ശര്‍മ. അഡ്‌ലെയ്‌ഡില്‍ ഇന്ത്യൻ ടീം അംഗങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും വിമാനത്താവളത്തിലേക്ക് പോകാനായി താരങ്ങളെല്ലാം ബസില്‍ കയറിയിട്ടും ജയ്‌സ്വാള്‍ മാത്രം എത്തിയിരുന്നില്ല. ഇരുപത് മിനിറ്റോളം ടീം കാത്തുനിന്നെങ്കിലും ജയസ്വാള്‍ വരാതിരുന്നതോടെ താരമില്ലാതെയാണ് ടീം ബസ് എയര്‍പോര്‍ട്ടിലേക്ക് പോയത്.
ഇന്ത്യൻ ടീമിന്‍റെ ബ്രിസ്‌ബേനിലേക്കുള്ള യാത്രക്കിടെ ഇന്നലെയാണ് നാടകീയ സംഭവങ്ങള്‍. 10 മണിക്കായിരുന്നു ബ്രിസ്‌ബേനിലേക്കുള്ള ടീമിന്‍റെ വിമാനം. ഇതിനായി 8.30 ഹോട്ടല്‍ വിടണമെന്നായിരുന്നു താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം.
ഇതനുസരിച്ച് ക്യാപ്‌റ്റൻ രോഹിത് ശര്‍മയും പരിശീലകൻ ഗൗതം ഗംഭീറും ഉള്‍പ്പടെയുള്ളവര്‍ കൃത്യസമയത്ത് തന്നെ ഹോട്ടലില്‍ നിന്നിറങ്ങി ബസില്‍ കയറി. എന്നാല്‍, ജയ്‌സ്വാള്‍ മാത്രം കൃത്യസമയത്ത് എത്തിയിരുന്നില്ല. 20 മിനിറ്റോളം നേരം താരത്തിനായി ടീം അംഗങ്ങള്‍ കാത്തുനിന്നു. ഇതിനിടെ ബസില്‍ നിന്നിറങ്ങിയ രോഹിത് ശര്‍മ ടീം മാനേജരോടും സുരക്ഷ ഉദ്യോഗസ്ഥരോടും ദേഷ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജയ്‌സ്വാള്‍ ലോബിയിലേക്ക് എത്താൻ വൈകിയതോടെ താരത്തെ കൂട്ടാതെ തന്നെ ടീം ബസ് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുകയായിരുന്നു. ബസ് പോയതിന് ശേഷമാണ് ജയ്‌സ്വാള്‍ ലോബിയിലേക്ക് എത്തുന്നത്. ഇതോടെ, മറ്റൊരു വാഹനത്തില്‍ താരം എയര്‍പോര്‍ട്ടിലേക്ക് എത്തുകയായിരുന്നു. വിമാനത്താവളത്തില്‍ എത്തിയ താരം ടീം അംഗങ്ങള്‍ക്കൊപ്പമാണ് ബ്രിസ്‌ബേനിലേക്ക് പോയത്.
ഡിസംബര്‍ 14ന് ബ്രിസ്‌ബേനിലാണ് ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 295 റണ്‍സിന്‍റെ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.
എന്നാല്‍, രണ്ടാം മത്സരത്തില്‍ 10 വിക്കറ്റിന് ഇന്ത്യയെ തകര്‍ക്കാൻ ഓസ്‌ട്രേലിയക്കായി. ഇതോടെ, ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകളും തുലാസിലായി.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ എല്ലാം ടീം ഇന്ത്യയ്‌ക്ക് ജയിക്കണം.
Also Read :ജയ്‌സ്വാളും റൂട്ടും ഹെഡുമല്ല, ടെസ്റ്റില്‍ ഇപ്പോള്‍ 'ബെസ്റ്റ്' ഈ താരമെന്ന് പോണ്ടിങ്