ന്യൂഡല്‍ഹി : വനിത ഐപിഎല്ലില്‍ (WPL 2024) കന്നി കിരീടം നേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore). അവേശം അവസാന ഓവര്‍ വരെ നീണ്ട ഫൈനല്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റില്‍സിനെ (Delhi capitals) വീഴ്‌ത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സ് വിജയികളായത്. ഇതു തുടര്‍ച്ചയായ രണ്ടാം തവണയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് വനിത ഐപിഎല്‍ ഫൈനലില്‍ തോല്‍ക്കുന്നത്.
ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് ബാംഗ്ലൂര്‍ കളി പിടിച്ചത്. ടോസ് നേടി ആദ്യം ബാറ്റുചെയ്യാന്‍ ഇറങ്ങിയ ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടിക്ക് ഇറങ്ങിയ ബാംഗ്ലൂര്‍ 19.3 ഓവറില്‍ ലക്ഷ്യത്തിലേത്ത് എത്തുകയായിരുന്നു.
ചെറിയ ലക്ഷ്യത്തിലേക്ക് ഏറെ കരുതലോടെയായിരുന്നു ബാംഗ്ലൂര്‍ ബാറ്റ് വീശിയത്. 8.1 ഓവര്‍ നീണ്ട ആദ്യ വിക്കറ്റില്‍ 49 റണ്‍സായിരുന്നു ബാംഗ്ലൂര്‍ ഓപ്പണര്‍മാര്‍ നേടിയത്. 27 പന്തില്‍ 32 റണ്‍സ് നേടിയ സോഫി ഡിവൈനിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ വെറ്ററന്‍ പേസര്‍ ശിഖ പാണ്ഡെയാണ് ഡല്‍ഹിക്ക് ഏറെ ആശിച്ച ബ്രേക്ക് ത്രൂ നല്‍കിയത്.
തുടര്‍ന്നെത്തിയ എല്ലിസ് പെറി താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടു. മറുവശത്ത് ക്യാപ്റ്റന്‍ സ്‌മൃതി മന്ദാന (Smriti Mandhana) ഏറെ കരുതലോടെ കളിക്കുകയും ചെയ്‌തതോടെ മാധ്യ ഓവറുകളില്‍ ബാംഗ്ലൂര്‍ സ്‌കോര്‍ ബോര്‍ഡ് ഇഴഞ്ഞാണ് നീങ്ങിയത്.
33 റണ്‍സ് ചേര്‍ത്ത സഖ്യം പൊളിച്ചത് മലയാളി താരം മിന്നുമണിയാണ്. സ്‌മൃതി മന്ദാന (39 പന്തില്‍ 31) അരുന്ധതി റെഡ്ഡിയുടെ കയ്യില്‍ ഒതുങ്ങി. പിന്നീടെത്തിയ റിച്ച ഘോഷ് (14 പന്തില്‍ 17*) പെറിക്ക് പിന്തുണ നല്‍കിയതോടെ ബാംഗ്ലൂര്‍ വിജയ തീരം തൊട്ടു. ഐപിഎല്ലിന്‍റെ കഴിഞ്ഞ 16 വര്‍ഷത്തെ ചരിത്രത്തില്‍ ആര്‍സിബിയുടെ പുരുഷ ടീമിന് കഴിയാത്തതാണ് സ്‌മൃതി മന്ദാനയും സംഘവും തങ്ങളുടെ രണ്ടാം സീസണില്‍ തന്നെ നേടിയെടുത്തിരിക്കുന്നത്.
നേരത്തെ സ്വപ്‌നതുല്യമായ തുടക്കത്തിന് ശേഷം അതിനാടകീയമായി ആയിരുന്നു ഡല്‍ഹി തകര്‍ന്നടിഞ്ഞത്. തുടക്കം തൊട്ട് തകര്‍ത്തടിച്ച് ഷഫാലി വര്‍മയ്‌ക്ക് ക്യാപ്റ്റന്‍ മെഗ് ലാനിങ് പിന്തുണ നല്‍കിയതോടെ ഡല്‍ഹി സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് ഒഴുകി. ഏഴ് ഓവറുകളില്‍ 64 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്ന് നേടിയത്. എന്നാല്‍ സോഫി മൊളീനക്‌സ് (Sophie Molineux) എറിഞ്ഞ എട്ടാം ഓവറില്‍ കളി തിരിഞ്ഞു.
ആദ്യ പന്തില്‍ ഷഫാലി പുറത്ത്. 27 പന്തില്‍ 2 ബൗണ്ടറികളും മൂന്ന് സിക്‌സറും സഹിതം 44 റണ്‍സ് നേടിയ ഷഫാലിയുടെ സിക്‌സര്‍ ശ്രമം ജോര്‍ജിയ വാറെഹാമിന്‍റെ കയ്യില്‍ അവസാനിച്ചു. മൂന്നാം പന്തില്‍ ജെമീമ റോഡ്രിഗസിനെയും അടുത്ത പന്തില്‍ അലീസ് ക്യാപ്‌സിയേയും സോഫി മൊളീനക്‌സ് ക്ലീന്‍ ബൗള്‍ഡാക്കി. ഈ തകര്‍ച്ചയില്‍ നിന്നും ഡല്‍ഹിക്ക് പിന്നിട് കരകയറാനായില്ല.
പിന്നാലെ മെഗ് ലാനിങ്ങിനെയും (23 പന്തില്‍ 23) ടീമിന് നഷ്‌ടമായി. മരിസാനെ കാപ്പിനെയും (16 പന്തില്‍ 8) ജെസ് ജോനാസെനെയും (9 പന്തില്‍ 12) മടക്കിയ മലയാളി താരം ആശ ശോഭനയും ഡല്‍ഹിയ്‌ക്ക് തുടര്‍ പ്രഹരം നല്‍കി. മിന്നു മണിയ്‌ക്കും (5) പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. രാധ യാദവ് (9 പന്തില്‍ 12), അരുന്ധതി റെഡ്ഡി (13 പന്തില്‍ 10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. ശിഖ പാണ്ഡെ (5*) പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി ശ്രേയങ്ക പാട്ടീല്‍ നാലു വിക്കറ്റുകള്‍ സ്വന്തമാക്കി. സോഫീ മൊളീനക്‌സ് മൂന്നും ആശ ശോഭന രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
ALSO READ: 'ഒഴിവാക്കുന്നതിന് പിന്നില്‍ ജയ് ഷാ, എന്നാല്‍ കോലിയ്‌ക്ക് വേണ്ടി രോഹിത് നിലകൊണ്ടു' ; വെളിപ്പെടുത്തലുമായി മുന്‍ താരം