ന്യൂയോര്‍ക്ക് : ടി20 ലോകകപ്പില്‍ യുഎസ്‌എയോട് ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയിരിക്കുകയാണ് ടീം ഇന്ത്യ. നാസോ കൗണ്ടി ഇന്‍റര്‍നാഷ്‌ണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യുഎസ് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 10 പന്ത് ശേഷിക്കെയായിരുന്നു ഇന്ത്യ മറികടന്നത്. സൂര്യകുമാര്‍ യാദവിന്‍റെയും ശിവം ദുബെയുടെയും ബാറ്റിങ് മികവായിരുന്നു മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്.
താരതമ്യേന ചെറിയ വിജയലക്ഷ്യം ആയിരുന്നെങ്കിലും അപ്രവചനീയമായ നാസോ കൗണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചില്‍ ഇന്ത്യൻ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാൻ യുഎസ് ബൗളര്‍മാര്‍ക്കായി. ഇന്ത്യൻ ഓപ്പണര്‍മാരായ വിരാട് കോലി (0), ക്യാപ്‌റ്റൻ രോഹിത് ശര്‍മ (3) ആദ്യ മൂന്ന് ഓവറിനുള്ളിലാണ് മടങ്ങിയത്. മികച്ച ഫോമിലുള്ള റിഷഭ് പന്തിനെ എട്ടാം ഓവറിലും പുറത്താക്കാൻ അവര്‍ക്കായി.
പിന്നീട്, സൂര്യയും ദുബെയും ചേര്‍ന്ന് റണ്‍സ് ഉയര്‍ത്തിയെങ്കില്‍ പോലും ജയം ഉറപ്പിക്കാം എന്ന സ്ഥിതി ഉണ്ടായിരുന്നില്ല. നാസോയിലെ മുൻ മത്സരങ്ങള്‍ തന്നെയാണ് അതിന് ഉദാഹരണവും. എന്നാല്‍, മത്സരത്തിന്‍റെ വിധി മാറ്റിയതായിരുന്നു ഇന്ത്യയ്‌ക്ക് ലഭിച്ച അഞ്ച് പെനാല്‍റ്റി റണ്‍സ്.
15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 76-3 എന്ന നിലയിലായിരുന്നു ഇന്ത്യ. അവസാന 30 പന്തില്‍ വേണ്ടത് 35 റണ്‍സ്. എന്നാല്‍, 16-ാം ഓവറിലെ ആദ്യ പന്ത് എറിയുന്നതിന് മുന്‍പ് തന്നെ ഇത് 30 പന്തില്‍ 30 ആയി മാറുകയായിരുന്നു.