മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ ഇല്ലെങ്കില്‍ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിനെ നയിക്കുമെന്ന് പരിശീലകൻ ഗൗതം ഗംഭീർ. പരമ്പരയിലെ ആദ്യ മത്സരം നവംബർ 22ന് പെർത്തിൽ ആരംഭിക്കും. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് രോഹിത് ആദ്യ ടെസ്റ്റില്‍ കളിച്ചേക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നിലവിൽ രോഹിത് ശർമ ടീമിനൊപ്പമില്ലെങ്കിലും പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്ന് അദ്ദേഹത്തെ ഔദ്യോഗികമായി ഒഴിവാക്കിയിട്ടില്ലെന്നാണ് ഗംഭീർ പറയുന്നത്. ടീമിന്‍റെ രണ്ടാം ബാച്ച് ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ ഗംഭീര്‍ വ്യക്തമാക്കിയത്. 'ഇപ്പോൾ സ്ഥിരീകരണമൊന്നുമില്ല, പക്ഷേ സാഹചര്യം എന്തായിരിക്കുമെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കും. അവൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു.
ഓസ്‌ട്രേലിയയിലേക്ക് രണ്ട് വ്യത്യസ്ത ബാച്ചുകളായാണ് പുറപ്പെടുന്നത്. ആദ്യ ബാച്ച് നവംബർ 10 ന് പുറപ്പെട്ടു. രണ്ടാം ബാച്ച് ഇന്ന് പുറപ്പെടും. രോഹിത് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഓപ്പണിങ്ങിനുള്ള ബദലുകളുടെ പേരുകളും ഗംഭീർ നൽകി. അഭിമന്യു ഈശ്വരനും കെഎൽ രാഹുലും ടീമിലുണ്ടെന്നും ഓപ്പണിങ് ഓപ്ഷനുകളായി മുന്നോട്ട് വരാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ടീമിൽ നിരവധി ഓപ്ഷനുകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.