മുംബൈ: ഐപിഎല്‍ മെഗാ ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കളിക്കാരുടെ അന്തിമ പട്ടിക കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ടിരുന്നു. ആകെ 576 പേരുകളാണ് പട്ടികയിലുള്ളത്. വിദേശികളായി 208 പേരും ഇന്ത്യയില്‍ നിന്നുള്ള 336 കളിക്കാരുമാണ് ഇതിലുള്ളത്.
ഇക്കൂട്ടത്തില്‍ 14 മലയാളി താരങ്ങളുമുണ്ട്. നേരത്തെ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ഭാഗമായവും കന്നിവിളിക്കായി കാത്തിരിക്കുന്നവരുമാണ് ഇവര്‍. യുവ ബാറ്റര്‍ ഷോണ്‍ റോജറിനാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. 40 ലക്ഷം രൂപയാണ് താരത്തിന്‍റെ അടിസ്ഥാന വില. മറ്റ് മലയാളി താരങ്ങളുടെ അടിസ്ഥാന വില 30 ലക്ഷം രൂപയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഷോണ്‍ റോജറിനെ കൂടാതെ അഭിഷേക് നായര്‍, സല്‍മാന്‍ നിസാര്‍, എം അജ്‌നാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്‌ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി എന്നിവരാണ് ബാറ്റര്‍മാരുടെ പട്ടികയിലുള്ള മലയാളികള്‍. വിഘ്‌നേശ്, വൈശാഖ് ചന്ദ്രന്‍, എസ് മിഥുന്‍, അബ്‌ദുള്‍ ബാസിത് എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍.
ബോളര്‍മാരായി ബേസില്‍ തമ്പി, കെഎം ആസിഫ് എന്നിവരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി നടത്തിയ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത്തവണ ഐപിഎല്‍ ലേലത്തില്‍ നറുക്കുവീഴുമെന്ന ശുഭപ്രതീക്ഷയിലാണ് താരങ്ങള്‍.
ALSO READ: പിസിബിക്ക് തിരിച്ചടി; ചാമ്പ്യന്‍സ് ട്രോഫി പര്യടനം പാക് അധീന കശ്‌മീരില്‍ നടത്തരുതെന്ന് ഐസിസി
അതേസമയം സൗദിയിലെ ജിദ്ദയില്‍ വച്ച് ഈ മാസം 24, 25 തീയതികളിലായിയാണ് ഇക്കുറി മെഗാ താരലേലം നടക്കുന്നത്. 10 ഫ്രാഞ്ചൈസികളിലായി ആകെ 204 താരങ്ങളുടെ ഒഴിവുകളാണ് നിലവിലുള്ളത്. ഇതില്‍ 70 എണ്ണം വിദേശ താരങ്ങള്‍ക്കുള്ളതാണ്.