മുംബൈ : വിവാഹമോചന വാർത്തകൾ പ്രചരിക്കുന്നതിനിടെ, ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും ഭാര്യ ആരതിയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ പരസ്‌പരം അൺഫോളോ ചെയ്‌തതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇരുവരും 20 വർഷത്തെ ദാമ്പത്യത്തിന് വിരാമമിടാന്‍ ഒരുങ്ങുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. നിരവധി മാസങ്ങളായി സെവാഗും ആരതിയും വേർപിരിഞ്ഞ് കഴിയുകയാണെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.
ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ പരസ്‌പരം അണ്‍ഫോളോ ചെയ്‌തുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 2004-ലാണ് സെവാഗും ആരതിയും വിവാഹിതരാവുന്നത്. ദമ്പതികള്‍ക്ക് ആര്യവീർ, വേദാന്ത് എന്നുപേരുള്ള രണ്ട് ആണ്‍ മക്കളുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സെവാഗ് തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളിലൊന്നും തന്നെ ആരതി ഉണ്ടായിരുന്നില്ലെന്നത് ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. ഇത് ദമ്പതികളുടെ വേർപിരിയൽ അഭ്യൂഹങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടി. എന്നാല്‍ വാര്‍ത്തകളോട് ഇതുവരെ സെവാഗോ ആരതിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്നു സെവാഗ്. ആരെയും കൂസാത്തതായിരുന്നു വീരുവിന്‍റെ ബാറ്റിങ് ശൈലി. 104 ടെസ്റ്റുകളില്‍ നിന്ന് (180 ഇന്നിങ്‌സുകള്‍) 49.34 ശരാശരിയിൽ 23 സെഞ്ചുറികളും 32 അർധ സെഞ്ചുറികളും ഉൾപ്പെടെ 8586 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ ബാറ്റര്‍ കൂടിയാണ് താരം.