മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരെയും നിരാശയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരിവിനെ കാത്തിരുന്നത്. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 28 റൺസിന്‍റെ തോല്‍വിയായിരുന്നു റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് നേരിടേണ്ടി വന്നത്. സീസണില്‍ നാല് മത്സരങ്ങള്‍ കളിച്ച ആര്‍സിബി നേരിടുന്ന മൂന്നാമത്തെ തോല്‍വിയാണിത്.
ഇതോടെ പോയിന്‍റ് പട്ടികയില്‍ ടീം ഒമ്പതാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ ക്വിന്‍റണ്‍ ഡി കോക്ക് (56 പന്തിൽ 81), നിക്കോളാസ് പുരാന്‍ (21 പന്തില്‍ 40*) എന്നിവരുടെ മികവില്‍ അഞ്ചിന് 181 റണ്‍സായിരുന്നു നേടിയിരുന്നത്. മറുപടിക്ക് ഇറങ്ങിയ ആതിഥേയര്‍ 153 റൺസിന് പുറത്തായി. മഹിപാൽ ലോംറോർ മാത്രമാണ് (13 പന്തില്‍ 33) തിളങ്ങിയത്.
സീസണില്‍ ഇതേവരെയുള്ള ആര്‍സിബിയുടെ പ്രകടനം വിലയിരുത്തവെ, മധ്യനിരയുടെ പരാജയമാണ് ടീമിന് തിരിച്ചടിയാവുന്നതെന്നും ആര്‍സിബി, എബി ഡിവില്ലിയേഴ്‌സിനെ വല്ലാതെ മിസ് ചെയ്യുന്നു എന്നുമായിരുന്നു ഇന്ത്യയുടെ മുന്‍ താരം മനോജ് തിവാരി പറഞ്ഞത്. "ലഖ്‌നൗ ഉയര്‍ത്തിയ ഈ ലക്ഷ്യം ആര്‍സിബി പിന്തുടരേണ്ടതായിരുന്നു. എബി ഡിവില്ലിയേഴ്‌സിന്‍റെ അഭാവം അവരെ വേദനിപ്പിക്കുന്നുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു. ഓസ്‌ട്രേലിയയ്‌ക്കായി മികച്ച പ്രകടനം നടത്തുന്ന കാമറൂൺ ഗ്രീൻ ഒരു വളർന്നുവരുന്ന കളിക്കാരനാണ്.
എന്നാല്‍ ആർസിബിക്ക് വേണ്ടി മികവ് പുലര്‍ത്താന്‍ ഓള്‍റൗണ്ടറായ ഗ്രീനിനായിട്ടില്ല. എന്നിരുന്നാലും, കഴിഞ്ഞ മത്സരത്തിൽ അവന്‍ റൺസ് നേടി. ലഖ്‌നൗവിനെതിരെ രജതിനെ മൂന്നാം നമ്പറില്‍ അയച്ചപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ റണ്‍സ് നേടിയ ഗ്രീനിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറക്കി.