എറണാകുളം : റോഡ് കെട്ടിയടച്ച് സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനം നടത്തിയതിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം. സെക്രട്ടേറിയറ്റിൽ ജോയിന്‍റ് കൗൺസിൽ നടത്തിയ സമരത്തിൽ ബിനോയ് വിശ്വവും ഹാജരാകണം. കൊച്ചി കോർപറേഷന് മുന്നിലെ റോഡിൽ കോൺഗ്രസ് നടത്തിയ സമരത്തിൽ ടിജെ വിനോദ് എംഎൽഎ, ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് തുടങ്ങിവരും ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്.
വഞ്ചിയൂരിൽ റോഡ് കെട്ടിയടച്ചുള്ള സിപിഎം ഏരിയാ സമ്മേളനത്തിന്‍റെ പേരിലെടുത്ത കോടതിയലക്ഷ്യ കേസിലാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുൻ മന്ത്രി എം വിജയകുമാർ, എംഎൽഎമാരായ വി ജോയ്, കടകംപളളി സുരേന്ദ്രൻ, വികെ പ്രശാന്ത്, മുൻ എംപി എ സമ്പത്ത് തുടങ്ങിയവരുൾപ്പടെയുള്ള നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. സെക്രട്ടേറിയറ്റിന് മുന്നിൽ നടപ്പാത അടച്ചുകെട്ടി സമരം നടത്തിയതിൽ ജോയിന്‍റ് കൗൺസിൽ സംഘടനാ നേതാക്കൾക്ക് പുറമേ സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവരും ഹാജരാകണം.
കൊച്ചി കോർപറേഷനുമുന്നിൽ നടത്തിയ ധർണയുടെ പേരിൽ കോൺഗ്രസ് എംഎൽഎ ടിജെ വിനോദ്, മുൻ മന്ത്രി ഡൊമിനിക് പ്രസന്‍റേഷൻ, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരും ഹാജരാകണം. ഫെബ്രുവരി 10നാണ് നേതാക്കൾ ഹാജരാക്കേണ്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നേതാക്കൾ ഹാജരാകുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയും പ്രതീക്ഷിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി. ഇത്തരം വിഷയങ്ങള്‍ ലഘുവായി എടുക്കാൻ പറ്റില്ല. റോഡ് കയ്യേറിയും മറ്റും സമരങ്ങളും പരിപാടികളുമൊക്കെ സംഘടിപ്പിക്കുന്നത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്‌ണ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിമർശിച്ചു.
ബാലരാമപുരത്ത് നടത്തിയ ജ്വാല വനിതാ ജങ്‌ഷൻ പരിപാടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും ഹാജരാകണം. കൂടാതെ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയും ഹാജരാകേണ്ടതുണ്ട്. ഹാജരാകുന്നതിൽ നിന്ന് ചീഫ് സെക്രട്ടറി, സംസ്ഥാന ഡിജിപി എന്നിവരെ മാത്രം ഒഴിവാക്കുന്നു എന്നും കോടതി പറഞ്ഞു.
Also Read: നടുറോഡിലെ സിപിഎം സമ്മേളനം; പാളയം ഏരിയ സെക്രട്ടറി ഒന്നാം പ്രതി