കോട്ടയം: ബാങ്ക് നെറ്റ് വർക്ക് തകരാറെന്ന വ്യാജേന നഗരമധ്യത്തിലെ സ്വർണക്കടയിൽ തട്ടിപ്പ്. കോട്ടയം ചന്തക്കടവിലെ ശ്രീലക്ഷ്‌മണ ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. സ്വർണം വാങ്ങി ഓണ്‍ലൈൻ പണമിടപാട് നടത്തിയ ശേഷം നെറ്റ് വർക്ക് തകരാറാണെന്നും ഉടന്‍ തന്നെ പണം അക്കൗണ്ടില്‍ വരുമെന്നും ധരിപ്പിച്ച ശേഷം 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വർണവുമായി യുവാവ് മുങ്ങുകയായിരുന്നു.
ഡിസംബർ 31ന് വൈകിട്ട് നാലരയോടെയാണ് കോഴിക്കോട് സ്വദേശിയായ പ്രവീൺ എന്ന് പരിചയപ്പെടുത്തിയ ആൾ കടയിൽ എത്തുന്നത്. വിവാഹ വാർഷികമാണെന്ന് അറിയിക്കുകയും ഭാര്യക്ക് സ്വർണം സമ്മാനമായി വാങ്ങി നൽകുന്നതിനായി എത്തിയതാണ് എന്നും പറഞ്ഞു. ശേഷം യുവാവ് ആഭരണം സെലക്‌ട് ചെയ്‌ത ശേഷം ബില്ല് അടക്കാനായി ഗൂഗിൾ പേ ഉപയോഗിച്ചു. എന്നാൽ ഗൂഗിൾ പേയിലൂടെ പണമിടപാട് നടത്താൻ കഴിയുന്നില്ലെന്ന് പറഞ്ഞ ഇയാള്‍ ഇൻ്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കാമെന്നായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് തൻ്റെ അക്കൗണ്ടിൽ നിന്നും പണം പോയെന്നും ജ്വല്ലറിയുടെ അക്കൗണ്ടിൽ കയറിയില്ലെന്നും കട ഉടമയെ വിശ്വസിപ്പിച്ചു. ശേഷം ഒരു മണിക്കൂറോളം കടയിൽ ചെലവഴിച്ച പ്രവീൺ ആറു മണിയോടെ സ്വർണവുമായി മടങ്ങുകയും ചെയ്‌തു. ഇതിനിടെ കട ഉടമ ബാങ്കിനെയും പൊലീസിനെയും ബന്ധപ്പെട്ടു.
വർഷ ആരംഭം ആയതിനാൽ സെർവർ അപ്‌ഡേഷൻ നടക്കുന്നതിനാലാകും ഇങ്ങനെ സംഭവിച്ചതെന്നും 24 മണിക്കൂർ കാത്തിരിക്കാനും നിർദേശിച്ചു. തുടർന്ന് രാത്രി ഒൻപത് മണിയോടെ പ്രവീൺ എന്നയാളുടെ ഫോൺ നമ്പർ സ്വിച്ച് ഓഫ് ആയി. ഇതോടെയാണ് തങ്ങൾ തട്ടിപ്പിന് ഇരയായെന്ന് ജ്വല്ലറി ഉടമകൾക്ക് മനസിലായത്. തുടർന്ന് ഇവർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി. തട്ടിപ്പുകാരൻ്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.