കേരളം

kerala

ETV Bharat / sports

കോലിയുടെ രണ്ടാം കണ്‍മണിയുടെ വരവ് ; മധുരം വിതരണം ചെയ്‌ത് പാക് ആരാധകര്‍

തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് 'അകായ്' എന്ന് പേരിട്ടതായി 'വിരുഷ്‌ക' ദമ്പതികള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു

Virat Kohli  Akaay  Anushka Sharma  വിരാട് കോലി  അനുഷ്‌ക ശര്‍മ
Virat Kohli s Fans In PakistanCelebrate Akaay s Birth By Distributing Sweets

By ETV Bharat Kerala Team

Published : Feb 21, 2024, 1:57 PM IST

Updated : Feb 21, 2024, 5:32 PM IST

ഇസ്ലാമബാദ് : തങ്ങളുടെ കുടുംബത്തിലേക്ക് മറ്റൊരു അതിഥി കൂടി എത്തിയതായി കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും (Virat Kohli) ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും (Anushka Sharma) അറിയിച്ചത്. തങ്ങള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്‍റെ സന്തോഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും ആരാധകരുമായി പങ്കുവച്ചത്. ആണ്‍ കുഞ്ഞിന് 'അകായ്' (Akaay) എന്നാണ് പേരിട്ടിരിക്കുന്നതെന്നും എല്ലാവരുടെയും ആശംസകള്‍ തേടിയുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരദമ്പതികള്‍ അറിയിച്ചിരുന്നു.

ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് ലോകമെമ്പാടുമുള്ള ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ അകായിയുടെ വരവ് മധുരവിതരണം നടത്തി ആഘോഷിക്കുന്ന പാകിസ്ഥാന്‍ ആരാധകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫെബ്രുവരി 15-നാണ് അകായ്‌ ജനിച്ചതെന്നും തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ 'വിരുഷ്‌ക' ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു.

2017 ഡിസംബറിലായിരുന്നു കോലിയും അനുഷ്‌കയും വിവാഹിതരായത്. ഇവരുടെ ആദ്യ കുഞ്ഞ് വാമികയ്‌ക്ക് ഇപ്പോള്‍ മൂന്ന് വയസാണ് പ്രായം. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും വിരാട് കോലി വിട്ടുനില്‍ക്കുന്നത് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നതിനാല്‍ ആണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോലിയുടെ അടുത്ത സുഹൃത്തായ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ് ഇക്കാര്യം തന്‍റെ യൂട്യൂബ് ചാനലിലൂടെ പറയുകയും ചെയ്‌തിരുന്നു. എന്നാല്‍ പിന്നാലെ തന്നെ, തനിക്ക് തെറ്റുപറ്റിയതായി പറഞ്ഞ ഡിവില്ലിയേഴ്‌സ് തന്‍റെ പ്രസ്‌താവനയില്‍ നിന്നും യൂടേണ്‍ എടുക്കുകയും ചെയ്‌തു. കോലിയുടെ കുടുംബത്തില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും അറിയാന്‍ കഴിയില്ലെന്നും ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം പറഞ്ഞിരുന്നു.

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. അരങ്ങേറ്റത്തിന് ശേഷം ഇതാദ്യമായാണ് 35-കാരനായ വിരാട് കോലി ഒരു ടെസ്റ്റ് പരമ്പരയില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്ക്വാഡില്‍ നിന്നായിരുന്നു വിരാട് കോലി തുടക്കത്തില്‍ പിന്മാറിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് താരം കളിക്കാതിരിക്കുന്നതെന്ന് ബിസിസിഐ അറിയിക്കുകയും ചെയ്‌തിരുന്നു.

ALSO READ:'അരങ്ങേറ്റം കളറായി, ഇനി ചെയ്യേണ്ടത് ഇതാണ്' ; സര്‍ഫറാസിനോട് ഗാംഗുലി

ഇതോടെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി കോലി മടങ്ങിയെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിലും കോലി കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. താരത്തിന്‍റെ തീരുമാനത്തെ ബഹുമാനിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നതായും ബിസിസിഐ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ 28 റണ്‍സിന് തോല്‍പ്പിക്കാന്‍ ഇംഗ്ലീഷ് ടീമിന് കഴിഞ്ഞിരുന്നു. എന്നാല്‍ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന്‍റെ വിജയം നേടിയ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്‍റെ റെക്കോഡ് വിജയവുമായാണ് ആതിഥേയര്‍ പരമ്പരയില്‍ മുന്നിലെത്തിയത്.

ALSO READ: 'സാനിയ' വിളികളുമായി പാക് ആരാധകര്‍; ഷൊയ്‌ബ് മാലിക്കിന്‍റെ ഭാര്യ സന ജാവേദിന് അധിക്ഷേപം

Last Updated : Feb 21, 2024, 5:32 PM IST

ABOUT THE AUTHOR

...view details