ന്യൂഡൽഹി: വ്യക്തിഗത കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് ഇന്ത്യയുടെ സൂപ്പർ ബാറ്റർ വിരാട് കോഹ്‌ലി പിന്മാറിയതായി ബിസിസിഐ അറിയിച്ചു. നിർബന്ധിത ഇടവേള സംബന്ധിച്ച് ഊഹാപോഹങ്ങൾ സൃഷ്‌ടിക്കരുതെന്നും ബിസിസിഐ അഭ്യർത്ഥിച്ചു. ജനുവരി 25ന് ഹൈദരാബാദിലാണ് ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്.
ക്യാപ്റ്റൻ രോഹിത് ശർമ്മയുമായും ടീം മാനേജ്‌മെന്റുമായും സെലക്ടർമാരുമായും വിരാട് സംസാരിച്ചു, രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എല്ലായ്‌പ്പോഴും തന്റെ മുൻഗണനയാണ്, ചില വ്യക്തിഗത സാഹചര്യങ്ങൾ കാരണം ടീമില്‍ നിന്ന് ഒഴിവാകുകയാണെന്ന് കോലി ടീം മാനേജ്‌മെന്‍റിനെ അറിയിക്കുകയായിരുന്നു. അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കാൻ ടീമിന്‍റെ പരിശീലന സെഷനില്‍ നിന്ന് ഒഴിവാക്കണമെന്ന് കോലി നേരത്തെ അഭ്യർഥിച്ചിരുന്നതായും വാർത്തകളുണ്ടായിരുന്നു.
കോലിയുടെ പകരക്കാരനെ ടീം മാനേജ്‌മെന്‍റ് ഉടൻ പ്രഖ്യാപിക്കും. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തുന്ന ചേതേശ്വർ പുജാര, ഇന്ത്യ എ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന രജത് പടിദാർ, സർഫറാസ് ഖാൻ എന്നിവരില്‍ ഒരാൾക്കാകും കോലിക്ക് പകരക്കാരനായി ടീമിലേക്ക് വിളിയെത്തുകയെന്നാണ് സൂചന.
ശ്രേയസ് അയ്യരും ശുഭ്മാൻ ഗില്ലുമാണ് ഇന്ത്യൻ ടീമിലെ മറ്റ് മധ്യനിര ബാറ്റ്‌സ്മാൻമാർ. കോലി കളിക്കുന്നില്ലെങ്കില്‍ കെ എൽ രാഹുലും മധ്യനിര ബാറ്ററായി ടീമിലുണ്ടാകും. അങ്ങനെയെങ്കില്‍ കെഎസ് ഭരത്, ധ്രുവ് ജൂറൽ എന്നിവരില്‍ ഒരാൾക്ക് വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയാം.
കോലി രണ്ടാമൻ: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പിൻമാറുന്ന രണ്ടാമത്തെ പ്രധാന താരമാണ് വിരാട് കോലി. നേരത്തെ ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്ക് വ്യക്തിപരമായ കാരണങ്ങളാൽ പരമ്പരയില്‍ നിന്ന് പിൻമാറിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിന് എതിരെ അഞ്ച് മത്സരങ്ങളാണ് കളിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയ്ക്ക് പിന്നിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.