ന്യൂഡല്‍ഹി :ഐപിഎല്ലിന്‍റെ (IPL) 16 വര്‍ഷങ്ങള്‍ നീണ്ട ചരിത്രത്തില്‍ ഒരൊറ്റ കിരീടം പോലും നേടാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Bangalore) കഴിഞ്ഞിട്ടില്ല. എന്നാല്‍ വനിത ഐപിഎല്ലിന്‍റെ (WPL 2024) രണ്ടാം പതിപ്പില്‍ തന്നെ കിരീടം തൂക്കിയിരിക്കുകയാണ് ആര്‍സിബി. ആവേശം അവസാന ഓവര്‍ വരെ നീണ്ട ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ (Delhi Capitals) തോല്‍പ്പിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കിരീടം നേടിയിരിക്കുന്നത്.
ടീമിന്‍റെ വിജയത്തിന് പിന്നാലെ ആര്‍സിബി നായിക സ്‌മൃതി മന്ദാനയെ തേടിയെത്തിയെത്തിയ ആദ്യ അഭിനന്ദനങ്ങളിലൊന്ന് പുരുഷ ടീമിന്‍റെ മുന്‍ നായകന്‍ വിരാട് കോലിയുടേതാണ് (Virat Kohli). വീഡിയോ കോളിലൂടെയാണ് സ്‌മൃതിയ്‌ക്കും സംഘത്തിനും കിങ് കോലി ആശംസ അറിയിച്ചത്. സ്‌മൃതിയ്‌ക്ക് കോലി ആശംസ നേരുന്നതിന്‍റെ ചിത്രം ഫ്രാഞ്ചൈസി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.
തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറിയിട്ടും തങ്ങളുടെ വനിത താരങ്ങളുടെ നേട്ടത്തെ കോലി അഭിനന്ദിച്ചിരുന്നു. 'സൂപ്പർ വുമൺ' എന്നായിരുന്നു കോലിയുടെ പ്രശംസ. ലണ്ടനില്‍ നിന്നും കഴിഞ്ഞ ദിവസാണ് കോലി നാട്ടിലേക്ക് തിരികെ എത്തിയത്. വനിത ഐപിഎല്‍ ഫൈനലിനായി കോലി എത്തിയിരുന്നില്ലെങ്കിലും ആദ്യാവസാനം വരെ സ്റ്റേഡിയം കോലി വിളികളാല്‍ മുഖരിതരമായിരുന്നു.
അതേസമയം എട്ട് വിക്കറ്റുകള്‍ക്കായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സ് 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ഔട്ടായി. മികച്ച തുടക്കം ലഭിച്ചതിന് ശേഷമായിരുന്നു ഡല്‍ഹി ചെറിയ സ്‌കോറില്‍ ഒതുങ്ങിയത്.