ന്യൂഡൽഹി: 2024-25 സീസണിലെ ഡൽഹി രഞ്ജി ട്രോഫി ടീമിലെ സാധ്യതാ താരങ്ങളിൽ ഇന്ത്യൻ താരങ്ങളായ വിരാട് കോലിയും ഋഷഭ് പന്തും ഇടംപിടിച്ചു. വർഷങ്ങളോളം ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന കോലിയുടെ തിരിച്ചുവരവാണ് പുതിയ പ്രഖ്യാപനം. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ട 84 അംഗ സാധ്യതാ ലിസ്റ്റിലാണ് ഇരുവരുടേയും പേരുകള്‍. കഴിഞ്ഞ സീസണിൽ ടീമിനായി കളിച്ച ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഒക്‌ടോബർ 11 മുതൽ രഞ്ജി ട്രോഫി ആരംഭിക്കും. ചണ്ഡീഗഢിനെതിരെയാണ് ഡൽഹി ആദ്യ മത്സരം കളിക്കുക. ഒക്‌ടോബർ 16ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ത്യ തയ്യാറെടുക്കുമ്പോൾ താരജോഡിയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്. വരാനിരിക്കുന്ന സീസണിൽ താരങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് ഡൽഹി ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ച ആരംഭിച്ചു.
തിരഞ്ഞെടുത്ത കളിക്കാർക്കുള്ള ഫിറ്റ്‌നസ് ടെസ്റ്റ് സെപ്റ്റംബർ 26-ന് നടക്കുമെന്ന് ഡിഡിസിഎ പ്രസ്‌താവനയിൽ പറഞ്ഞു. നിലവിൽ അന്താരാഷ്ട്ര മത്സരങ്ങളിലുള്ള കളിക്കാരെ ഫിറ്റ്നസ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2018ന് ശേഷം ഇതാദ്യമായാണ് കോലി ഡൽഹി സാധ്യതാ ടീമിൽ ഇടംപിടിക്കുന്നത്. 2012-13ൽ ന്യൂസിലൻഡിനെതിരായ അന്താരാഷ്ട്ര പരമ്പരയ്ക്ക് ശേഷം ഉത്തർപ്രദേശിനെതിരെ കളിച്ചപ്പോഴാണ് താരം അവസാനമായി ഒരു രഞ്ജി മത്സരം കളിച്ചത്.
2015 സീസണിലെ ടൂർണമെന്‍റ് അരങ്ങേറ്റം മുതൽ 17 മത്സരങ്ങൾ കളിച്ച് ഋഷഭ് പന്ത് രഞ്ജി ട്രോഫിയിൽ ഡൽഹി ടീമിനായി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2016-17 സീസണിൽ ജാർഖണ്ഡിനെതിരെ 48 പന്തിൽ സെഞ്ച്വറി നേടി രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ ഇടംകൈയ്യൻ ബാറ്റര്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.
Also Read:റെഡ് ബോളില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിന്‍റെ കാരണമെന്ത്..? ബോളിലെ വെള്ളയും ചുവപ്പും തമ്മിലുള്ള വ്യത്യാസമറിയാം - Red ball in Test Cricket