കോട്ടയം: നഴ്‌സിങ് കോളജിലെ റാഗിങ് സംഭവത്തിൽ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. പൊലീസിനെ വെട്ടിച്ച് എബിവിപി പ്രവർത്തകർ കോളജ് ക്യാമ്പസിനുള്ളിൽ കയറി. ക്യാമ്പസിനുള്ളില്‍ കൊടി ഉയർത്തി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. മൂന്ന് എബിവിപി പ്രവർത്തകരാണ് ക്യാമ്പസിനകത്ത് കയറിയത്. പ്രതിഷേധിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
കെഎസ്‌യു നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡ് പൊളിച്ചു നീക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പിരിഞ്ഞുപോകാൻ തയാറാകാത്ത പ്രവർത്തകർ നിലത്ത് കുത്തിയിരുന്ന്
പ്രതിഷേധിച്ചു.
പിന്നീട് ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. എസ്എഫ്ഐ കാപാലികരെ പിന്തുണയ്ക്കുന്ന സമീപനം സർക്കാർ തുടർന്നാൽ കെഎസ്‌യു ശക്തമായി പ്രതികരിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയർ പറഞ്ഞു.
പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി സംശയിക്കുന്നെന്ന് യുഡിഎഫ് നേതാക്കള്‍
സംഭവത്തിലെ അന്വേഷണത്തിൽ തൃപ്‌തരല്ലെന്നും പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി സംശയിക്കുന്നെന്നും യുഡിഎഫ് നേതാക്കള്‍. ജൂഡിഷ്യൽ സഹായത്തോടെയുള്ള അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ആവശ്യപ്പെട്ടു. കേസിൽ മാറ്റി നിർത്തപ്പെട്ടവരുണ്ട്. പ്രിൻസിപ്പാള്‍, അസിസ്റ്റന്‍റ് ഹോസ്റ്റൽ വാർഡൻ എന്നിവരെ കൂടി ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൂക്കോട് സംഭവം പോലെ തന്നെയാണ് ഈ റാഗിങ് കേസും പോകുന്നത്. സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചവർക്കെതിരെയും കേസ് എടുക്കണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാത്തത് കേസിൻ്റെ ഗൗരവം കുറയ്ക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.
ഫ്രാൻസിസ് ജോർജ് എം പി, എംഎൽഎമാരായ മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി സ്റ്റേഷൻ ഓഫിസറുമായി കേസിനെക്കുറിച്ച് ചോദിച്ചറിഞ്ഞു. ശക്തമായ നടപടി ഉണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഴ്‌സിങ് കോളജിലും ഇവര്‍ സന്ദർശനം നടത്തി.