മുംബൈ :ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര (India vs England Test) ആരംഭിച്ചത് മുതല്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച വിഷയങ്ങളിലൊന്നാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ (Virat Kohli) അഭാവം. അഫ്‌ഗാനെതിരായ ടി20 പരമ്പരയ്‌ക്ക് ശേഷം ഹൈദരാബാദില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിരാട് കോലി പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും പിന്മാറിയത്. ഇതേ കാരണം പറഞ്ഞ് അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തില്‍ നിന്നും കോലി വിട്ടുനിന്നിരുന്നു.
അമ്മ അസുഖബാധിതയായതുകൊണ്ടാണ് കോലി ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുക്കുന്നത് എന്ന തരത്തില്‍ ഉള്‍പ്പടെ അഭ്യൂഹം പ്രചരിച്ചു. എന്നാല്‍, ഇത് നിഷേധിച്ച് താരത്തിന്‍റെ കുടുംബം തന്നെ ഒരു ഘട്ടത്തില്‍ രംഗത്തെത്തുകയും ചെയ്‌തു. ഇപ്പോള്‍, വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനുള്ള കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്‍റെ അടുത്ത സുഹൃത്തും മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്ററുമായ എബി ഡി വില്ലിയേഴ്‌സ് (AB De Villiers On Virat Kohli).
'ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ വിരാട് കോലിക്കില്ല. അദ്ദേഹം ഇപ്പോള്‍ കുടുംബത്തോടൊപ്പമാണുള്ളത്. കോലിയും അനുഷ്‌ക ശര്‍മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ് കോലിയെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും കാണാന്‍ സാധിക്കാതിരുന്നത്'- ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ഡി വില്ലിയേഴ്‌സ് പറഞ്ഞു.