മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള (Indian Cricket Team) മിസ്റ്ററി സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ (Varun Chakravarthy) ഉയര്‍ച്ച വളരെ വേഗത്തിലുള്ളതായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായുള്ള (Kolkata Knight Riders) തകര്‍പ്പന്‍ പ്രകടനത്തിലൂടെ 2021-ലെ ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചു. എന്നാല്‍ ടൂര്‍ണമെന്‍റില്‍ തന്‍റെ മികച്ച പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.
ഇതിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് വരുണ്‍ ചക്രവര്‍ത്തിയ്‌ക്ക് വിളിയെത്തിയിട്ടില്ല. പരിക്കുമായി ബന്ധപ്പെട്ടായിരുന്നു താരത്തെ സെലക്‌ടര്‍മാര്‍ ഒഴിവാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ പ്രസ്‌തുത റിപ്പോര്‍ട്ട് തള്ളി രംഗത്ത് വരുണ്‍ ചക്രവര്‍ത്തി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
തന്‍റെ പരിക്കിന്‍റെ വ്യാപ്തി പെരുപ്പിച്ചു കാട്ടിയതാണെന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യൻ ടീമിൽ നിന്നും തന്നെ അകറ്റി നിർത്താൻ ആരെങ്കിലും ഇതു ബോധപൂർവം ചെയ്‌തതാണോയെന്ന് തനിക്ക് അറിയില്ല. മാറ്റി നിര്‍ത്തപ്പെട്ടത് ഏറെ വേദനപ്പിച്ചുവെന്നും 32-കാരന്‍ പറഞ്ഞു.
"ലോകകപ്പിന് പിന്നാലെ തന്നെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്ത് പോകേണ്ടി വന്നത് ഏറെ പ്രയാസപ്പെടുത്തുന്നതായിരുന്നു. ആ പരിക്ക് അത്ര വലുതായിരുന്നില്ല. ചെറിയൊരു പരിക്ക് മാത്രമായിരുന്നുവത്.
ബോളിങ്ങ് പുനരാരംഭിക്കാന്‍ മൂന്ന് ആഴ്ചകള്‍ മാത്രമാണ് എനിക്ക് വേണ്ടി വന്നത്. എന്നാല്‍ ഞാന്‍ മാറ്റിനിര്‍ത്തപ്പെട്ടു. എനിക്ക് പരിക്കേറ്റതിനാലാണ് അതു സംഭവിച്ചതെന്നായിരുന്നു ആളുകള്‍ പറഞ്ഞിരുന്നത്.
ആ സമയത്ത് എനിക്ക് പരിക്കില്ലായിരുന്നു. അതെല്ലാം കിംവദന്തികള്‍ മാത്രമായിരുന്നുവോ, അല്ലെങ്കില്‍ എന്നെ മാറ്റി നിര്‍ത്താന്‍ ആ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ആരെങ്കിലും ആഗ്രഹിച്ചിരുന്നുവോ എന്ന് എനിക്ക് അറിയില്ല. എന്നാല്‍ ജീവിതം അങ്ങനെയാണ്. അതന്യായമായിരുന്നു" - വരുണ്‍ ചക്രവര്‍ത്തി പറഞ്ഞു.
"ഐപിഎൽ 2022 - സീസണ്‍ എന്നെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. കാരണം 2021-ലെ ലോകകപ്പിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ എന്നെ ഏറെ ബാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ ഞാൻ വളരെ ആഗ്രഹിച്ചിരുന്നു. അതിനായി മറ്റുള്ളവര്‍ക്ക് മുന്നില്‍ തെളിയിക്കാനും ഞാന്‍ ശ്രമം നടത്തി.
എന്‍റെ ബോളിങ്ങില്‍ മാറ്റത്തിന് ശ്രമിച്ചു. എന്‍റെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നതിലാണ് ഇതെല്ലാം എത്തിയത്. സീസണില്‍ സാധാരണ എറിയുന്നത് പോലെ പന്തെറിയാന്‍ എനിക്ക് കഴിഞ്ഞില്ല. ആ ഐപിഎല്‍ എന്നെ സംബന്ധിച്ച് മോശം തന്നെ ആയിരുന്നു" വരുണ്‍ ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.
2021 നവംബറിലാണ് വരുൺ അവസാനമായി ഇന്ത്യയ്‌ക്കായി കളിച്ചത്. അതിനുശേഷം മൂന്ന് ഫോർമാറ്റുകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ നേരത്തെ തീവ്രമായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇനി പ്രതീക്ഷകളില്ലെന്നും താരം വ്യക്തമാക്കി.
"കുറച്ച് സമയം എടുക്കേണ്ടി വന്നു. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായി. ഇപ്പോൾ, എല്ലാം ശാന്തമാണ്. എനിക്കിപ്പോള്‍ ആഗ്രഹങ്ങളില്ല. കാര്യങ്ങൾ എങ്ങനെയാണ് നടക്കുന്നത് എന്ന് എനിക്കറിയാം. മികച്ചതില്‍ ഏറ്റവും മികച്ച ഒരാളെ അവര്‍ മാറ്റി നിര്‍ത്താന്‍ പോകുന്നു എന്ന വാര്‍ത്തകളുണ്ട്. അതുവച്ച് നോക്കുമ്പോള്‍ ഞാന്‍ ആരാണ്?. എനിക്ക് ഒരു പ്രതീക്ഷയുമില്ല. യാഥാർത്ഥ്യം അംഗീകരിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം."- വരുണ്‍ ചക്രവര്‍ത്തി പറഞ്ഞു നിര്‍ത്തി.
ALSO READ:'ഭാര്യയെ ഇഷ്‌ടപ്പെട്ടു' എന്ന് കമന്‍റ് ; മറുപടി നല്‍കി കമ്മിന്‍സ്