പത്തനംതിട്ട: കരോൾ സംഘത്തെ ആക്രമിച്ച കേസിൽ നാല് പേരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്‌തു. പുറമറ്റം മുണ്ടമല ചുറ്റിപ്പാറയിൽ ഷെറിൻ (28), പുറമറ്റം മുണ്ടമല മീൻചിറപ്പാട്ട് വീട്ടിൽ ബിബിൻ (30), കോയിപ്രം കടപ്ര ചെമ്പകശേരിപ്പടി ചിറയിൽ കുറ്റിയിൽ അനന്തു (25), കോയിപ്രം കടപ്ര ചെമ്പകശേരിപ്പടി ചിറയിൽ കുറ്റിയിൽ അജിൻ (20)എന്നിവരാണ് പിടിയിലായത്.
പത്തനംതിട്ട കുമ്പനാട് വച്ചാണ് മിഥിനും സംഘവും സഞ്ചരിച്ച കാറിൻ്റെ ഹെഡ് ലൈറ്റ് ഡിം ചെയ്‌തില്ല എന്നാരോപിച്ചാണ് 15ഓളം വരുന്ന സംഘവുമായി തര്‍ക്കമുണ്ടായത്. തുടർന്ന് പ്രശ്‌നം സംസാരിച്ച് പരിഹരിക്കുകയും ചെയ്‌തിരുന്നു.
പിന്നീട് കരോൾ നടത്തുന്നതിനിടെ കരോൾ സംഘത്തിലെ ഏറ്റവും പിന്നിൽ ഉണ്ടായിരുന്ന ആളുകളുമായി സംഘം വീണ്ടും പ്രശ്‌നമുണ്ടാക്കുകയായിരുന്നു. കാര്യം അന്വേഷിച്ച മിഥിനെ ഷിൻ്റോ മരക്കഷ്‌ണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഷിൻ്റോ എന്നയാളുടെ വീടിന് മുന്നിലാണ് കരോള്‍ സംഘം ആക്രമിക്കപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അടി തടഞ്ഞ മിഥിൻ്റെ വലതു കൈയുടെ വിരലിന് പരിക്കേറ്റു. തുടർന്ന് പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന എബ്രഹാം ജോർജ്, ഭാര്യ ഷൈനി ജോർജ്, തടസം പിടിച്ച ജോൺസൺ എന്നയാൾക്കും മർദ്ദനമേറ്റു.
കരോൾ സംഘത്തിലെ അംഗങ്ങൾ അടുത്തുള്ള വീടുകളിലേക്ക് ഭയന്ന് ഓടിക്കയറിയപ്പോൾ പ്രതികൾ ഗേറ്റ് ചാടിക്കടന്ന് വീട്ടുമുറ്റത്ത് നിന്നിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കരോള്‍ സംഘത്തിൻ്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.