കോഴിക്കോട്: ജീവിത സംഘർഷങ്ങളുടെ നേർത്ത സ്‌പന്ദനങ്ങളെ പോലും കാലത്തിനൊത്ത് കണ്ട എഴുത്തുകാരനായിരുന്നു മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എംടി വാസുദേവൻ നായർ. സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ സാഹിത്യ രചന തുടങ്ങിയ എംടി ജ്ഞാനപീഠം കയറി. വായിക്കുന്തോറും വിങ്ങലോടെ നീങ്ങിയ കഥാ സന്ദർഭങ്ങളുടെ അന്ത്യം അത്ര ശുഭപര്യവസാനി ആയിരുന്നില്ല. യാഥാർത്ഥ്യങ്ങളെ പച്ചയായി വരച്ചിട്ട ആ അപാര മിടുക്ക് ആ രണ്ടക്ഷരത്തെ എഴുത്തിന്‍റെ കുലപതിയാക്കി.
പുന്നയൂർക്കുളത്തുകാരനായ ടി നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി 1933 ൽ കൂടല്ലൂരിലാണ് എംടിയുടെ ജനനം. പാലക്കാടും തൃശൂരും ചെറുപ്പകാലം ചെലവഴിച്ച എംടി പിന്നീട് കോഴിക്കോട്ടുകാരനായി.
കോപ്പൻ മാസ്‌റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് പഠനം ആരംഭിച്ചത്. പിന്നാലെ മലമക്കാവ് എലിമെന്‍ററി സ്‌കൂളിലും കുമരനെല്ലൂർ ഹൈസ്‌കൂളിലും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളജിൽ ഉപരിപഠനം. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു അദ്ദേഹം ഐച്‌ഛിക വിഷയമായിട്ടെടുത്തത്.
കോളജ് വിദ്യാഭ്യാസ കാലത്ത് തന്നെ ജയകേരളം മാസികയിൽ അദ്ദേഹത്തിന്‍റെ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളജിൽ ബിരുദത്തിന് പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്‍റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എംടിയുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി.
കോളജ് വിദ്യാഭ്യാസത്തിന് ശേഷം എംടി സ്‌കൂളുകളിൽ അധ്യാപകനായി ജോലി ചെയ്‌തു. 1954ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിലും പിന്നാലെ ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്.
1955-56 കാലത്ത് പാലക്കാട് എംബി ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്‍റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ച് എംബി ട്യൂട്ടോറിയലിൽ അദ്ദേഹം തിരിച്ചെത്തി. തുടർന്ന് മാതൃഭൂമിയിൽ ചേർന്നു. ഇതോടെ ഔദ്യോഗിക ജീവിതം കോഴിക്കോട്ടായി.
അധ്യാപകൻ, പത്രാധിപർ, നോവലിസ്‌റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ അങ്ങനെ കൈവച്ച മേഖലകളിലെല്ലാം എംടി വ്യക്തിമുദ്ര പതിപ്പിച്ചു. 1958ൽ പുറത്തിറങ്ങിയ ‘നാലുകെട്ട്’ ആണ് ആദ്യമായി പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ. ആദ്യനോവലിന് തന്നെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
‘മുറപ്പെണ്ണ്’ എന്ന സ്വന്തം കഥയ്ക്ക് തിരക്കഥയൊരുക്കിയാണ് എംടി ചലച്ചിത്രലോകത്തേക്ക് പ്രവേശിച്ചത്. 1973ൽ ആദ്യമായി സംവിധാനം ചെയ്‌ത് നിർമിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണപ്പതക്കം അദ്ദേഹത്തിന് ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള എംടിക്ക് നാലുതവണ ഈ മേഖലയിൽ ദേശീയപുരസ്‌കാരം ലഭിച്ചു.
കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കാണ് ദേശീയപുരസ്‌കാരം ലഭിച്ചത്. 'കാലം' (1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്) 'വാനപ്രസ്ഥം' (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മഹാഭാരതത്തെ ആഴത്തിൽ മനസിലക്കിയ എംടി വാസുദേവൻ നായർ അതിനെ ആസ്‌പദമാക്കി 'രണ്ടാമൂഴം' രചിച്ചു. ഭീമനായിരുന്നു കേന്ദ്രകഥാപാത്രം. അഞ്ച് മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അർജുനനോ യുധിഷ്‌ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ എന്നതായിരുന്നു ഇതിവൃത്തം.
ഈ നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ തയ്യാറാക്കിയെങ്കിലും സംവിധായകൻ ശ്രീകുമാർ മേനോനുമായുള്ള കോടതി വ്യവഹാരത്തെ തുടർന്ന് പദ്ധതി നിർത്തി വയ്‌ക്കേണ്ടി വന്നു. 1995ൽ ജ്ഞാനപീഠ പുരസ്‌കാരവും 2005ൽ പത്മഭൂഷണും നൽകി എംടിയെ രാജ്യം ആദരിച്ചു. ജേസി ഡാനിയൽ പുരസ്‌കാരവും എം ടിയെ തേടിയെത്തിയിട്ടുണ്ട്.
എംടി രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. 1965ൽ എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെയും 1977ൽ പ്രശസ്‌ത നർത്തകി കലാമണ്ഡലം സരസ്വതിയെയും. കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ 'സിതാര'യിലായിരുന്നു താമസം. മൂത്തമകൾ സിതാര ഭർത്താവിനൊപ്പം അമേരിക്കയിൽ ബിസിനസ് എക്‌സിക്യൂട്ടീവാണ്. ന്യൂജഴ്‌സിയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൾ അശ്വതി ശ്രീകാന്ത് നർത്തകിയാണ്.
ചിരിക്കാത്ത ആ മൗനം വാചാലമാണ്. കടലിരമ്പും പോലെ, കൊടുക്കാറ്റടിക്കും പോലെ മനുഷ്യ മനസുകളിലേക്ക് ആഞ്ഞു കേറുന്ന വരികൾ. ഉമിത്തീപോലെ നെഞ്ചിലെരിയുന്ന പകയുടെ നേർക്കാഴ്‌ച പോലും എംടിയിലൂടെ ആസ്വദിച്ചു.
ബീഡിത്തുമ്പ് കടിച്ച് പിടിച്ച് എരിഞ്ഞ് തീരുന്ന ഓരോ വേളയും വായന വസന്തം തീർക്കുകയായിരുന്നു അദ്ദേഹം. ആ തൂലികയിൽ നിന്ന് ജന്മമെടുത്തത് ലാളിത്യവും സൗന്ദര്യവും നിറഞ്ഞ് തുളുമ്പിയിരുന്ന കൃതികളായിരുന്നു. തലമുറകൾ വായിച്ചിട്ടും മടുക്കാത്തതാണ് എംടി രചനകൾ. ആസ്വാദകരുടെ അഭിരുചിക്ക് ഇനിയും വാക്കുകൾ പകരാൻ ഇനി ആ മഹാപ്രതിഭയില്ല.
എംടി യുടെ കൃതികൾ:
നോവല്‍ | വർഷം |
പാതിരാവും പകല്‍വെളിച്ചവും | 1957 |
നാലുകെട്ട് | 1958 |
അറബിപ്പൊന്ന് (എന്‍പി മുഹമ്മദിനൊപ്പം) | 1960 |
അസുരവിത്ത് | 1962 |
മഞ്ഞ് | 1964 |
കാലം | 1969 |
വിലാപയാത്ര | 1978 |
രണ്ടാമൂഴം | 1984 |
വാരാണസി | 2002 |
കഥ | വർഷം |
രക്തം പുരണ്ട മണ്‍ തരികള്‍ | 1953 |
വെയിലും നിലാവും | 1954 |
വേദനയുടെ പൂക്കള്‍ | 1955 |
നിന്‍റെ ഓര്‍മ്മയ്ക്ക് | 1956 |
ഓളവും തീരവും | 1957 |
ഇരുട്ടിന്‍റെ ആത്മാവ് | 1957 |
കുട്ട്യേടത്തി | 1964 |
നഷ്‌ടപ്പെട്ട ദിനങ്ങള്‍ | 1960 |
ബന്ധനം | 1963 |
പതനം | 1966 |
കളിവീട് | 1966 |
വാരിക്കുഴി | 1967 |
തെരഞ്ഞെടുത്ത കഥകള്‍ | 1968 |
ഡാര്‍-എസ് സലാം | 1978 |
അജ്ഞാതന്‍റെ ഉയരാത്ത സ്‌മാരകം | 1973 |
അഭയം തേടി വീണ്ടും | 1978 |
സ്വര്‍ഗ്ഗം തുറക്കുന്ന സമയം | 1980 |
വാനപ്രസ്ഥം | 1992 |
ഷെര്‍ലക് | 1998 |
തിരക്കഥ | വർഷം |
മുറപ്പെണ്ണ് | 1966 |
ഇരുട്ടിന്‍റെ ആത്മാവ് | 1968 |
നഗരമേ നന്ദി | 1969 |
നിഴലാട്ടം | 1970 |
ഓളവും തീരവും | 1971 |
എംടിയുടെ തിരക്കഥകള്‍ | 1978 |
എന്‍റെ പ്രിയപ്പെട്ട തിരക്കഥകള്‍ | 1983 |
വൈശാലി | 1989 |
ഒരു വടക്കന്‍ വീരഗാഥ | 1989 |
പഞ്ചാഗ്നി | 1992 |
പെരുന്തച്ചന്‍ | 1992 |
നഖക്ഷതങ്ങള്‍ | 1994 |
സുകൃതം | 1996 |
നാലു തിരക്കഥകള്‍ | 1998 |
അടിയൊഴുക്കുകള്‍ | 1999 |
ദയ | |
ഒരു ചെറു പുഞ്ചിരി | |
എന്ന് സ്വന്തം ജാനകിക്കുട്ടിയ്ക്ക് | |
തീര്‍ഥാടനം |
യാത്രാവിവരണം | വർഷം |
മനുഷ്യര്‍ നിഴലുകള്‍ | 1966 |
ആള്‍ക്കൂട്ടത്തില്‍ തനിയെ | 1972 |
വന്‍കടലിലെ തുഴവള്ളക്കാര്‍ | 1998 |
ബാലസാഹിത്യം | വർഷം |
മാണിക്യക്കല്ല് | 1961 |
ദയ എന്ന പെണ്‍കുട്ടി | 1987 |
തന്ത്രക്കാരി | 1993 |
നാടകം | വർഷം |
ഗോപുരനടയില്‍ | 1980 |
വിവര്‍ത്തനം:
- ജീവിതത്തിന്‍റെ ഗ്രന്ഥത്തില്‍ എഴുതിയത് - വിവർത്തനം എന്‍പി മുഹമ്മദ്- എംടി വാസുദേവന്‍നായര്‍)
- പകര്‍പ്പവകാശനിയമം (എംടി വാസുദേവന്‍നായര്‍ - എംഎം. ബഷീര്‍)
- നാലുകെട്ട്, പഞ്ചാഗ്നി എന്നീ കൃതികൾ കന്നട, ഹിന്ദി, ഉറുദു, ഒറിയ, ഗുജറാത്തി തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.
- കാലം, മഞ്ഞ്, അറബിപ്പൊന്ന്, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഇരുട്ടിന്‍റെ ആത്മാവ് എന്നിവ ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്‌തു.
ഉപന്യാസം | വർഷം |
കാഥികന്‍റെ പണിപ്പുര | 1963 |
ഹെമിങ്-വേ - ഒരു മുഖവുര | 1964 |
കാഥികന്‍റെ കല | 1984 |
കിളിവാതിലിലൂടെ | 1992 |
ഏകാകികളുടെ ശബ്‌ദം | 1997 |
രമണീയം ഒരു കാലം | 1998 |
വാക്കുകളുടെ വിസ്‌മയം | 2000 |