സിഡ്നി :പങ്കാളി ബെക്കി ബോസ്റ്റണ്‍ (Becky Boston) പ്രണയ ദിനാശംസ (Valentine's Day) നേര്‍ന്നുള്ള ഓസ്ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്റെ (Pat Cummins) ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാണ്. ബെക്കിയുടേയും ബെക്കിക്കൊപ്പവുമുള്ള മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം ഏറെ പ്രണയം നിറഞ്ഞ വാക്കുകളോടെയായിരുന്നു കമ്മിന്‍സ് ബെക്കിക്ക് ആശംസ അറിയിച്ചത്. കമ്മിന്‍സിന്റെ പോസ്റ്റ് വളരെ പെട്ടെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായത്.
കമ്മിന്‍സ്-ബെക്കി ദമ്പതികള്‍ക്ക് സ്നേഹം അറിയിച്ച് നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റിട്ടത്. എന്നാല്‍ 'നിങ്ങളേയും ഭാര്യയേയും ഇഷ്ടപ്പെട്ടു' എന്നും ഇക്കൂട്ടത്തില്‍ ഒരാള്‍ കമന്റിട്ടിരുന്നു. ഇയാള്‍ക്ക് 30-കാരനായ കമ്മിന്‍സ് നല്കിയ ഏറെ സരസവും രസകരവുമായ മറുപടി ശ്രദ്ധേയമാവുകയാണ്. 'ഇക്കാര്യം ഞാന്‍ അവളെ അറിയിക്കാം' എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
ദീര്‍ഘകാല കാമുകിയായിരുന്ന ബെക്കി ബോസ്റ്റണെ 2022 ഓഗസ്റ്റിലായിരുന്നു പാറ്റ് കമ്മിന്‍സ് വിവാഹം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരം തന്നെയായിരുന്നു ഇക്കാര്യം ആരാധകരെ അറിയിച്ചത്.
2013-ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് 2020-ലായിരുന്നു വിവാഹ നിശ്ചയം. 2021- ഒക്ടോബറില്‍ തങ്ങളുടെ ആദ്യ കുഞ്ഞിനെ ദമ്പതികള്‍ വരവേറ്റിരുന്നു. ആൽബി ബോസ്റ്റൺ കമ്മിൻസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ വിശ്രമം അനുവദിച്ച കമ്മിന്‍സ് നിലവില്‍ അവധി ആഘോഷത്തിലാണുള്ളത്. ഫെബ്രുവരി അവസാന വാരത്തില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലൂടെ താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തും. ഓസ്ട്രേലിയയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനാണ് കമ്മിന്‍സ്.