ന്യൂഡൽഹി:ട്വന്‍റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ അതിവേഗ സെഞ്ച്വറി കുറിച്ച് ഗുജറാത്തിന്‍റെ ഉർവിൽ പട്ടേൽ. ത്രിപുരയ്‌ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിലാണ് ഉര്‍വില്‍ റെക്കോര്‍ഡിട്ടത്. 28 പന്തിലാണ് താരത്തിന്‍റെ സെഞ്ചുറി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടി20 ക്രിക്കറ്റിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. 2024 ജൂണിൽ സൈപ്രസിനെതിരെ 27 പന്തിൽ സെഞ്ചുറി നേടിയ എസ്തോണിയയുടെ സഹിൽ ചൗഹാന്‍റെ പേരിലാണ് ടി20യിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോർഡ്.
മത്സരത്തില്‍ 12 സിക്സറുകളും ഏഴ് ഫോറുകളും സഹിതം സെഞ്ച്വറി നേടിയ ഉർവിൽ ട്വന്‍റി20 ഫോർമാറ്റിൽ തന്‍റെ മികച്ച മുദ്ര പതിപ്പിച്ചു. വെറും 35 പന്തിൽ 113 റൺസിന്‍റെ തകർപ്പൻ ഇന്നിങ്സാണ് കളിച്ചത്. ടി20യിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് റിഷഭ് പന്തിന്‍റെ പേരിലായിരുന്നു. 2018ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ ഡൽഹിക്ക് വേണ്ടി കളിക്കുമ്പോഴാണ് താരം 32 പന്തിൽ ഈ നേട്ടം കൈവരിച്ചത്.
ബറോഡയിലെ മെഹ്സന സ്വദേശിയായ ഉർവിൽ 2018ല്‍ മുംബൈക്കെതിരെ ബറോഡക്കായാണ് ട്വന്‍റി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേ വർഷം തന്നെ ലിസ്റ്റ് എ ക്രിക്കറ്റിലും കളിക്കാനിറങ്ങി. കഴിഞ്ഞ വർഷം നവംബറിൽ ഉർവിൽ 41 പന്തിൽ ലിസ്റ്റ് എ സെഞ്ച്വറി നേടിയിരുന്നു. 40 പന്തിൽ ഈ നേട്ടം കൈവരിച്ച യൂസഫ് പത്താന്‍റെ പേരിലാണ് ലിസ്റ്റ് എയിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന ഇന്ത്യൻ റെക്കോർഡ്.
2023 ഐപിഎല്ലിൽ ഉർവിലിനെ 20 ലക്ഷം രൂപക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെടുത്തെങ്കിലും ഒരു മത്സരം പോലും താരത്തിന് കളിക്കാനായില്ല. 2025 ലെ ലേല പട്ടികയിൽ താരത്തിന്‍റെ പേര് ഉണ്ടായിരുന്നുവെങ്കിലും ഒരു ടീമും വാങ്ങിയില്ല.
ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി
- 27 പന്തുകൾ - സാഹിൽ ചൗഹാൻ (എസ്റ്റോണിയ vs സൈപ്രസ്, 2024)
- 28 പന്തുകൾ - ഉർവിൽ പട്ടേൽ (ഗുജറാത്ത് vs ത്രിപുര, 2024)
- 30 പന്തുകൾ - ക്രിസ് ഗെയ്ൽ (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ vs പൂനെ വാരിയേഴ്സ്, 2013)
- 32 പന്തുകൾ - ഋഷഭ് പന്ത് (ഡൽഹി vs ഹിമാചൽ പ്രദേശ്, 2018)
- 33 പന്തുകൾ - ഡബ്ല്യു ലുബ്ബെ (നോർത്ത് വെസ്റ്റ് vs ലിംപോപോ, 2018)
- 33 പന്തുകൾ - ജോൺ നിക്കോൾ ലോഫ്റ്റി-ഈറ്റൺ (നമീബിയ vs നേപ്പാൾ, 2024)
Also Read:സഞ്ജുവില്ലാതെ ഇറങ്ങിയിട്ടും കേരളം മിന്നിച്ചു; മുഷ്‌താഖ് അലി ട്രോഫിയില്‍ നാഗാലൻഡിനെതിരേ എട്ടുവിക്കറ്റ് ജയം