ക്വാലാലംപൂർ:സരവാക്കിലെ ബോർണിയോ ക്രിക്കറ്റ് ഗ്രൗണ്ടിൽ ന്യൂസിലൻഡിനെതിരെ നൈജീരിയന്‍ വനിതകൾ തങ്ങളുടെ ആദ്യ ഐസിസി വനിതാ അണ്ടർ 19 ടി20 ലോകകപ്പ് വിജയം സ്വന്തമാക്കി. കിവീസിനെ രണ്ട് റണ്‍സിനാണ് നൈജീരിയ തോല്‍പ്പിച്ചത്. നനഞ്ഞ ഔട്ട്ഫീൽഡ് കാരണം മത്സരം 13 ഓവറാക്കി ചുരുക്കുകയായിരുന്നു.
ഗ്രൂപ്പ് സിയിൽ ന്യൂസിലന്‍ഡിന്‍റെ രണ്ടാം തോല്‍വിയാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ കിവീസ് പരാജയപ്പെട്ടിരുന്നു. നൈജീരിയക്കെതിരായ മത്സരത്തിൽ ന്യൂസിലൻഡ് ജയം പ്രതീക്ഷിച്ചായിരുന്നു ഇറങ്ങിയത്. എന്നാൽ, വമ്പന്‍മാരായ കിവീസിനെ തകർത്ത് നൈജീരിയ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യം ബാറ്റിങ്ങിനിറങ്ങിയ നൈജീരിക്കായി ക്യാപ്റ്റൻ പീറ്റി ലക്കിയുടെയും ലിലിയൻ ഉദേയുടെയും പ്രകടനത്തില്‍ 6 വിക്കറ്റ് നഷ്ടത്തിൽ 65 റൺസെടുത്തു.66 റൺസ് വിജയലക്ഷ്യത്തിലിറങ്ങിയ ന്യൂസിലൻഡ് 63ന് പുറത്തായി. മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായ കിവീസിന് 11 ഓവറുകൾ അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 49 റൺസെന്ന നിലയിലായിരുന്നു.
തോല്‍വിയോടെ ന്യൂസിലൻഡിന് അടുത്ത ഘട്ടത്തിലെത്തുക പ്രയാസമാണ്. ഓരോ ഗ്രൂപ്പിൽ നിന്നും 2 ടീമുകള്‍ മാത്രമേ അടുത്ത റൗണ്ട് മത്സരത്തിൽ പ്രവേശിക്കുകയുള്ളൂ. നൈജീരിയ രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്‍റുമായി പട്ടികയില്‍ രണ്ടാമതാണ്. നാല് പോയിന്‍റുമായി ദക്ഷിണാഫ്രിക്കയാണ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്.
അതേസമയം മറ്റൊരു മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഓസ്‌ട്രേലിയ വനിതാ അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയം നേടി. 92 റൺസ് പിന്തുടർന്ന ഓസീസ് രണ്ട് വിക്കറ്റും നാല് പന്തും ശേഷിക്കെ വിജയിച്ചു.
ടോസ് നഷ്ടപ്പെട്ട ബംഗ്ലാദേശ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 91 റൺസില്‍ കൂപ്പുകുത്തുകായിരുന്നു. ഓസീസിന്‍റെ ഇടംകൈയ്യൻ സീമർ എലീനർ ലാറോസ തന്‍റെ ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശിനെ 3 വിക്കറ്റിന് 18 എന്നാക്കി ചുരുക്കിയ. കയോം ബ്രായും ടെഗൻ വില്യംസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.