ലാവോസ്: മംഗോളിയയെ 4-1ന് തോൽപ്പിച്ച് എഎഫ്‌സി ഏഷ്യൻ കപ്പ് അണ്ടർ 20 യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ തുടക്കം മുതൽ മംഗോളിയക്ക് മേൽ ആക്രമണം പുലർത്തിയ ഇന്ത്യ അനായാസ വിജയമാണ് നേടിയത്.
കളിയുടെ 20ാം മിനുറ്റിൽ കെൽവിന്‍റെ ഗോളിലായിരുന്നു ഇന്ത്യ ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. ഒരു ഗോൾ വഴങ്ങിയതോടെ സമനില പിടിക്കാനായി മംഗോളിയ പൊരുതി. പിന്നാലെ 45ാം മിനുറ്റിൽ ഗോൾ മടക്കി മംഗോളിയ മത്സരത്തില്‍ സമനിലയിലെത്തി. എന്നാല്‍ മംഗോളിയയുടെ ജയപ്രതീക്ഷ അപ്പാടെ തല്ലിത്തകര്‍ത്ത് രണ്ടാം പകുതിക്ക് ശേഷം മൂന്ന് ഗോളുകൾ നേടി ഇന്ത്യ വിജയം ഉറപ്പിച്ചു.
മത്സരത്തിന്‍റെ 54ാം മിനുട്ടിൽ മംഗ്‌ലെൻതാങ് കിപ്‌ജെനായിരുന്നു ഇന്ത്യക്കായി രണ്ടാം ഗോൾ സമ്മാനിച്ചത്. പിന്നാലെ കിപ്‌ജെൻ തന്‍റെ രണ്ടാം ഗോളും നേടിയതോടെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി. മൂന്ന് ഗോൾ നേടിയതോടെ മത്സരത്തിൽ മികവ് പുലർത്തിയ ഇന്ത്യ 87ാം മിനുട്ടിൽ നാലാം ഗോളും നേടിയതോടെ സ്‌കോർ 4-1 എന്നായി.
കോറൂ സിംഗ് തിങ്കുജത്തില്‍ നിന്നായിരുന്നു ഇന്ത്യയുടെ നാലാം ഗോൾ പിറന്നത്. വെള്ളിയാഴ്‌ച ഇറാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ടീം അടുത്ത വർഷം ചൈനയിൽ നടക്കുന്ന ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും.
Also Read:സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് മലപ്പുറം എഫ്.സി കണ്ണൂര്‍ വാരിയേഴ്‌സുമായി ഏറ്റുമുട്ടും - Super League Kerala