ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തന്മാരുടെ പോരാട്ടത്തില്‍ ആഴ്‌സനലിന് ജയം. ടോട്ടനം ഹോട്‍സ്പറിന്‍റെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് ജയം സ്വന്തമാക്കിയത്. ആദ്യപകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇതോടെ നോട്ടിങ്ഹാം ഫോറസ്റ്റിനെ മറികടന്ന് ആഴ്‌സനല്‍ പോയിന്‍റ് പട്ടികയില്‍ വീണ്ടും രണ്ടാമതെത്തി.കരബാവോ കപ്പ് സെമി മത്സരത്തില്‍ ന്യൂകാസിൽ യുണൈറ്റഡിനോടും എഫ്എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോടു പെനൽറ്റി ഷൂട്ടൗട്ടില്‍ തോല്‍വി അറിഞ്ഞ ആഴ്‌സനലിന് ആശ്വാസമായി പ്രീമിയര്‍ ലീഗ് ജയം.
മത്സരത്തില്‍ ആദ്യം ഗോളടിച്ച് ടോട്ടനമായിരുന്നു മുന്നിലെത്തിയത്. 25-ാം മിനിറ്റില്‍ സൺ ഹ്യൂങ് മിന്നായിരുന്നു ഗോളടിച്ചത്. അപ്രതീക്ഷിതമായി ഗോള്‍ വന്നതോടെ ആഴ്‌സനല്‍ ആക്രമണം ശക്തമാക്കാന്‍ തുടങ്ങി. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുന്‍പേ കളിയുടെ ഗതി മാറി. ഡൊമിനിക് സോളങ്കെയുടെ സെൽഫ് ഗോളും (40–ാം മിനിറ്റ്), പിറന്നതോടെ ആഴ്‌സനല്‍ സമനില പിടിച്ചു. പിന്നാലെ ലിയാൻദ്രോ ട്രൊസ്സാർഡും (44–ാം മിനിറ്റ്) വല കുലുക്കിയതോടെ 2-1ന് ആഴ്‌സനല്‍ മുന്നിലെത്തി.
രണ്ടാം പകുതിയില്‍ ഇരുടീമും ഗോളടിക്കാത്തതിനാല്‍ ഗണ്ണേഴ്‌സ് വിജയം ഉറപ്പാക്കി. 21 മത്സരങ്ങളില്‍ നിന്ന് 43 പോയിന്‍റുമായി രണ്ടാം സ്ഥാനത്തെത്തി ആഴ്‌സണല്‍. 24 പോയിന്‍റുള്ള ടോട്ടനം പട്ടികയില്‍ 13-ാം സ്ഥാനത്താണ്. ഇതോടെ, പോയിന്‍റ് പട്ടികയിൽ ഒന്നാമത് നില്‍ക്കുന്ന ലിവർപൂളുമായുള്ള വ്യത്യാസം ആഴ്‌സനൽ അഞ്ചായി കുറച്ചു.
നോട്ടിങാം ഫോറസ്റ്റ് (21 കളിയിൽ 41 പോയിന്‍റ്), ന്യൂകാസിൽ യുണൈറ്റഡ് ( 38 പോയിന്‍റ്) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ നില്‍ക്കുന്നത്. മറ്റു മത്സരങ്ങളിൽ ആസ്റ്റൺ വില്ല എവർട്ടനെയും (1–0), ക്രിസ്റ്റൽ പാലസ് ലെസ്റ്റർ സിറ്റിയെയും (2–0), ന്യൂകാസിൽ യുണൈറ്റഡ് വോൾവ്സിനേയും (3–0) തകര്‍ത്തു.
ഇന്നലെ നടന്ന മത്സരങ്ങളില്‍ ലിവര്‍പൂള്‍ നോട്ടിങാം ഫോറസ്റ്റിനോട് 1–1ന് സമനില വഴങ്ങി. 8–ാം മിനിറ്റിൽ ക്രിസ് വുഡിന്‍റെ ഗോളിൽ നോട്ടിങാം മുന്നിലെത്തിയെങ്കിലും 66–ാം മിനിറ്റിൽ ഡിയേഗോ ജോട്ടയുടെ ഗോളിൽ ലിവർപൂൾ സമനില പിടിക്കുകയായിരുന്നു. മറ്റു മത്സരങ്ങളില്‍ ചെൽസി ബോൺമൗത്തുമായി 2–2 സമനിലയിൽ പിരിഞ്ഞു. 37 പോയിന്‍റുമായി ചെൽസി അഞ്ചാം സ്ഥാനത്താണ് നില്‍ക്കുന്നത്. ബ്രെന്‍റഫോഡ്– മാഞ്ചസ്റ്റർ സിറ്റി മത്സരവും സമനിലയില്‍ (2–2) അവസാനിച്ചു.