ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആസ്റ്റൺ വില്ലയ്‌ക്കെതിരെ ടോട്ടൻഹാം ഹോട്‌സ്‌പറിന് തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ടോട്ടനത്തിന്‍റെ ജയം. കളിയുടെ തുടക്കം മുതലാക്കിയ ആസ്റ്റണ്‍വില്ലയാണ് ആദ്യഗോള്‍ നേടി മുന്നിട്ട് നിന്നത്. 32-ാം വില്ലയുടെ റോജേഴ്‌സ് ഒരു കോര്‍ണര്‍ മുതലാക്കിയാണ് ലീഡ് നേടി. ആദ്യ പകുതിയില്‍ ഇരുടീമുകളും ആക്രമണം ശക്തമാക്കിയെങ്കിലും ആസ്റ്റണ്‍വില്ലയ്ക്ക് അനുകൂലമായി അവസാനിച്ചു.
രണ്ടാം പകുതി ടോട്ടനം മറുപടി നല്‍കി തുടങ്ങി. 49-ാം മിനിട്ടില്‍ സോണിന്‍റെ അസിസ്റ്റില്‍ ബ്രന്നന്‍ ജോണ്‍സണ്‍ ടോട്ടനത്തെ 1-1ന് സമനിലയിലെത്തിച്ചു. പിന്നാലെ 75,79 മിനിറ്റുകളിലായി ഡോമിനിക് സോളങ്കെയുടെ ഇരട്ടഗോളുകളും പിറന്നതോടെ ടോട്ടനം ജയമുറപ്പിച്ചു. 90+ ആറാം മിനിറ്റില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് ജെയിംസ് മാഡിസണ്‍ കൂടി ഗോളടിച്ചതോടെ ടീം വിജയം പൂര്‍ത്തിയാക്കി. 16 പോയിന്‍റുമായി ടോട്ടനം പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. എന്നാല്‍ 18 പോയിന്‍റുമായി ആസ്റ്റണ്‍വില്ല തൊട്ടുമുന്നില്‍ ആറാമതുണ്ട്.
ഓൾഡ് ട്രാഫോർഡിൽ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ചെല്‍സിയുമായുള്ള മത്സരം 1-1 ന് സമനിലയില്‍ പിരിഞ്ഞു. യുണൈറ്റഡിന്‍റെ ഇടക്കാല ഹെഡ് കോച്ചായ റൂഡ് വാൻ നിസ്റ്റെൽറൂയിയുടെ ആദ്യ ലീഗ് മത്സരമാണിത്. ഇരുടീമുകളും പരസ്‌പരം പ്രതിരോധിച്ച് കളിച്ചതിനാല്‍ ഷോട്ടുകള്‍ പായിക്കാന്‍ അധികം അവസരങ്ങളുണ്ടായിരുന്നില്ല. മാർക്കസ് റാഷ്‌ഫോർഡിന്‍റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതായിരുന്നു ആദ്യപകുതിയിലെ മികച്ച അവസരം.