മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്‍റെ തോല്‍വിക്ക് പിന്നാലെ സഞ്‌ജു സാംസണിന്‍റെ ക്യാപ്റ്റന്‍സിക്ക് വിമര്‍ശനം. മത്സരത്തില്‍ സഞ്‌ജുവിന്‍റെ തീരുമാനങ്ങള്‍ പിഴച്ചുവെന്ന് ആരോപിച്ച് ആരാധകരുള്‍പ്പെടെ നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇക്കൂട്ടത്തിലേക്ക് ചേര്‍ന്നിരിക്കുകയാണ് ഓസീസ് മുന്‍ താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ പരിശീലകനുമായിരുന്ന ടോം മൂഡി.
ട്രെന്‍റ് ബോള്‍ട്ടിനെ വേണ്ട രീതിയില്‍ ഉപയോഗിക്കാതിരുന്ന സഞ്‌ജുവിന്‍റെ തീരുമാനം തനിക്ക് മനസിലാവുന്നില്ലെന്നാണ് മൂഡി പറയുന്നത്. "ഡെത്ത് ഓവറുകളില്‍ തീര്‍ച്ചയായും നിങ്ങള്‍ ട്രെന്‍റ് ബോള്‍ട്ടിനെ ഉപയോഗിക്കണമായിരുന്നു. നേരത്തെ പലതവണ ഡെത്ത് ഓവറുകളില്‍ ബോള്‍ട്ടിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വലിയ അനുഭവ സമ്പത്തുള്ള താരമാണ് ബോള്‍ട്ട്.
അതിനാൽ തന്നെ സമ്മർദം വരുമ്പോൾ, ആ സമ്മർദം ഉൾക്കൊള്ളാനും ആ വെല്ലുവിളികൾ ഏറ്റെടുക്കാനും അദ്ദേഹത്തിന് കഴിയും. ഗുജറാത്തിനെതിരെ ബോള്‍ട്ടിനെ പന്തേല്‍പ്പിക്കാതിരുന്ന സഞ്‌ജുവിന്‍റെ തീരുമാനം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. നാല് ഓവര്‍ ക്വാട്ടയില്‍ രണ്ട് ഓവറുകള്‍ ബാക്കി വച്ചാണ് ബോള്‍ട്ട് തിരിച്ച് കയറിയത്. 17-ാം ഓവര്‍ അശ്വിന് നല്‍കിയത് വലിയൊരു വീഴ്‌ചയല്ല.
അദ്ദേഹം വളരെ മികച്ച ബോളറാണ്. എന്നാല്‍ തങ്ങളുടെ എട്ട് ഓവറില്‍ അശ്വിനും ചാഹലും വഴങ്ങിയത് 83 റണ്‍സായിരുന്നു എന്നകാര്യം ഓര്‍ക്കേണ്ടതുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ബോള്‍ട്ടിനെ സഞ്‌ജു ശരിയായി ഉപയോഗിക്കണമായിരുന്നു. നമുക്ക് അറിയാത്ത പരിക്കോ മറ്റ് അസുഖങ്ങളോ ഇല്ലാതിരുന്നെങ്കില്‍ സഞ്‌ജു അതായിരുന്നു ചെയ്യേണ്ടിയിരുന്നത്"- ടോം മൂഡി പറഞ്ഞു.