കൊളംബോ: ദക്ഷിണാഫ്രിക്കക്കെതിരേ നടക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമാണ് രണ്ട് മത്സരങ്ങളുടെ പരമ്പര. ഡബ്ല്യുടിസിയുടെ ഫൈനലിലെത്തുന്ന രണ്ട് ടീമുകളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. എന്നാൽ ഈ പരമ്പരയ്ക്ക് ഫൈനലിന്‍റെ കുറച്ചുകൂടി വ്യക്തമായ ചിത്രം നൽകാൻ കഴിയും. ഡബ്ല്യുടിസി പോയിന്‍റ് പട്ടികയിൽ നിലവിൽ ശ്രീലങ്ക മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തുമാണ്.
നവംബർ 27 മുതലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരം ഡർബനിലെ കിംഗ്സ്മീഡിൽ നടക്കും. ഡിസംബർ അഞ്ച് മുതൽ ഗക്ബെർഹയിലാണ് രണ്ടാം ടെസ്റ്റ്. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പ്രീ-സീരീസ് ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞ ആഴ്‌ച പത്ത് ശ്രീലങ്കൻ കളിക്കാർ ദക്ഷിണാഫ്രിക്കയിലേക്ക് പോയിരുന്നു. ശ്രീലങ്കൻ ടെസ്റ്റ് ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ, ദിമുത് കരുണരത്‌നെ, ഏഞ്ചലോ മാത്യൂസ്, ദിനേശ് ചണ്ഡിമൽ, പ്രഭാത് ജയസൂര്യ എന്നിവരടക്കം 10 താരങ്ങളാണ് ഡർബനിലേക്ക് പുറപ്പെട്ടത്.
പരമ്പരയിലെ ശേഷിക്കുന്ന കളിക്കാർ നവംബർ 22 ന് ദക്ഷിണാഫ്രിക്കയിലേക്ക് പോകുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് അറിയിച്ചു. സനത് ജയസൂര്യ ശ്രീലങ്കൻ ടീമിന്‍റെ പരിശീലകനായതു മുതൽ ടീമിൽ പുതിയ ആത്മവിശ്വാസമാണ് ലഭിച്ചത്. ദക്ഷിണാഫ്രിക്കയിലും ടീമിനെ വിജയത്തിലെത്തിച്ചാൽ അത് ജയസൂര്യക്കും ടീമിനും വലിയ നേട്ടമാകും. 17 അംഗ ടീമിൽ, ന്യൂസിലൻഡിനെതിരായ ശ്രീലങ്കയുടെ ഏകദിന പരമ്പര വിജയിച്ച ക്യാപ്റ്റൻ ചരിത് അസ്‌ലങ്കയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.