മെൽബൺ:ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിന് നാളെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമാകും. നിലവില്‍ പരമ്പര 1-1 ന് സമനിലയിലായതോടെ ഇരുടീമുകളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം പിടിക്കാൻ പോരാടുകയാണ്.
ബൗളർമാരുടെ ക്ലിനിക്കൽ പരിശ്രമത്തില്‍ പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ചതിന് ശേഷം രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇന്ത്യയുടെ പ്രകടനം നിറം മങ്ങിയിരുന്നു. അവസാന ടെസ്റ്റിൽ ബാറ്റർമാർ ഏറെ പൊരുതിയെങ്കിലും ഇടയ്ക്കിടെ പെയ്ത മഴ കളി സമനിലയിലാക്കാൻ സഹായിച്ചു.
ആറ് ഇന്നിങ്‌സുകളിൽ നിന്ന് 47 ശരാശരിയോടെ 235 റൺസ് നേടിയ കെഎല്‍ രാഹുൽ ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജസ്പ്രീത് ബുംറ 21 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് 81.80 ശരാശരിയിൽ 409 റൺസ് നേടിയ ഓസ്‌ട്രേലിയുടെ സ്ഥിരതയാർന്ന പ്രകടനം കാഴ്‌ചവച്ച ട്രാവിസ് ഹെഡ് നാളെത്തെ ടെസ്റ്റിലും ഇറങ്ങും.