ഹൈദരാബാദ്: ബംഗ്ലാദേശ് മുൻ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്‍റെ ബൗളിങ് ആക്ഷൻ നിയമവിരുദ്ധമാണെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി). താരത്തെ തങ്ങളുടെ അധികാരപരിധിയിലുള്ള എല്ലാ മത്സരങ്ങളിലും ബൗൾ ചെയ്യുന്നതിൽ നിന്ന് വിലക്കി. ഇടംകൈയ്യൻ സ്പിന്നറുടെ പ്രവർത്തനത്തിലെ ക്രമക്കേടുകൾ ലോഫ്ബറോ സർവകലാശാലയുടെ പരിശോധന ഫലത്തില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ സെപ്‌തംബറിൽ ടൗണ്ടനിൽ നടന്ന സോമർസെറ്റിനെതിരായ കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ സറേയ്ക്കുവേണ്ടിയുള്ള ഏക മത്സരത്തിനിടെയാണ് ഷാക്കിബിന്‍റെ പ്രവര്‍ത്തനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മത്സരത്തിൽ താരം 9 വിക്കറ്റ് വീഴ്ത്തിയതിനെ തുടർന്ന് ഓൺ-ഫീൽഡ് അമ്പയർമാരായ സ്റ്റീവ് ഒഷൗഗ്നെസിയും ഡേവിഡ് മിൽൻസും ആശങ്ക ഉന്നയിക്കുകയായിരുന്നു. പിന്നാലെ ഷാക്കിബിന്‍റെ ബൗളിങ് ആക്ഷന്‍ വിശകലനത്തിന് വിധേയമായി. ഇതാണ് സസ്പെൻഷനിലേക്ക് നയിച്ചത്.
താരത്തിന്‍റെ ബൗളിങ് ആക്ഷനില്‍ കൈമുട്ട് റെഗുലേഷനിൽ 15 ഡിഗ്രി കവിഞ്ഞതായി കണ്ടെത്തി. സസ്പെൻഷൻ ഡിസംബർ 10ന് മൂല്യനിർണ്ണയത്തിന് ശേഷം പ്രാബല്യത്തിൽ വരും. അതേസമയം ഷാക്കിബിന്‍റെ നിലവിലെ സസ്പെൻഷൻ യുകെയിലെ മത്സരങ്ങളുമായി ബന്ധപ്പെട്ടതാണ്. ഐസിസിക്ക് കീഴിലുള്ള മാനദണ്ഡം ലംഘിച്ചതിനാല്‍ വിലക്ക് മറ്റു അന്താരാഷ്‌ട്ര ലീഗുകളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.