'ക്രിക്കറ്റ് ഇന്ത്യൻ ജനതയ്‌ക്ക് വെറുമൊരു കായിക ഇനം മാത്രമല്ല, ഒരു വികാരം കൂടിയാണ്...' പലപ്പോഴായി പറഞ്ഞുകേട്ട വാചകം. ഇത് അടിവരയിടുന്ന കാഴ്‌ചയ്ക്കായിരുന്നു 2024 ജൂലൈ നാലിന് മുംബൈ മഹാനഗരം സക്ഷിയായത്. കരീബിയൻ മണ്ണില്‍ നിന്നും വിശ്വകിരീടവുമായെത്തിയ ഇന്ത്യൻ ടീം, അവരെ സ്നേഹം കൊണ്ട് പൊതിഞ്ഞ ആരാധക കൂട്ടം, ആവേശം, ആഘോഷം...
ഇതുപോലൊരു കാഴച ഇനിയെന്നാകും ഉണ്ടാകുക...? 2011ല്‍ ഏകദിന ലോകകപ്പ് നേട്ടത്തിന്‍റെ ആഘോഷങ്ങള്‍ക്ക് ശേഷം വീണ്ടും അതുപോലൊരു കാഴ്‌ചക്കായി കാത്തിരിക്കേണ്ടി വന്നത് 13 വര്‍ഷം. ഒരു ദശാബ്‌ദത്തിലേറെ നീണ്ട കാത്തിരിപ്പ് അവസാനിച്ച നിമിഷം കെങ്കേമമായി തന്നെ ആരാധകര്‍ കൊണ്ടാടി.
ജൂണ്‍ 29നായിരുന്നു ബാര്‍ബഡോസില്‍ ടി20 ലോകകപ്പ് ഫൈനല്‍. കലാശപ്പോര് കഴിഞ്ഞ് അവിടെ നിന്നും അടുത്ത ദിവസമായിരുന്നു രോഹിത് ശര്‍മ്മയും കൂട്ടരും കിരീടവുമായി നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായി, ചുഴലിക്കാറ്റിനെ തുടര്‍ന്ന് ടീം ഒന്നടങ്കം ബാര്‍ബഡോസില്‍ കുടുങ്ങി.
പിന്നീട്, ലോകകപ്പ് ജേതാക്കളെ നാട്ടിലെത്തിക്കാൻ ബിസിസിഐയുടെ പ്രത്യേക വിമാനം. ബുധനാഴ്‌ച (ജൂലൈ 3) വൈകുന്നേരത്തോടെ ബാര്‍ബഡോസില്‍ നിന്നും ടേക്ക് ഓഫ് ചെയ്‌ത ഫ്ലൈറ്റ് വ്യാഴാഴ്‌ച (ജൂലൈ 4) രാവിലെ ഡല്‍ഹിയിലെത്തി. ടീമിനൊപ്പം ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരും ഇതേ വിമാനത്തിലാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.
രാവിലെ ആറോടെ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ചാമ്പ്യന്മാരെ വരവേല്‍ക്കാനും ആരാധക കൂട്ടം എത്തിയിരുന്നു. വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ ആവേശകരമായ വരവേല്‍പ്പായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് പ്രേമികള്‍ കളിക്കാര്‍ക്ക് നല്‍കിയത്.
ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ടീം അവിടെ സജ്ജീകരിച്ചിരുന്ന രണ്ട് ബസുകളിലായി നേരെ ഹോട്ടലിലേക്ക്. അവിടെ നിന്നും പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രഭാത വിരുന്ന്. വിശേഷങ്ങള്‍ പറഞ്ഞും ഫോട്ടോയെടുക്കലുമായി പിന്നീട് അവിടെ. പ്രധാനമന്ത്രിക്കൊപ്പം കപ്പുമായി നില്‍ക്കുന്ന ടീമിന്‍റെ ചിത്രവും അധികം വൈകാതെ പുറത്തുവന്നു.
TEAM INDIA VICTORY PARADE (IANS) രാജ്യതലസ്ഥാനത്ത് മറ്റ് കാര്യമായ പരിപാടികളൊന്നും തന്നെയുണ്ടായിരുന്നില്ല. മുംബൈയിലായിരുന്നു ബിസിസിഐ ഔദ്യോഗിക സ്വീകരണചടങ്ങ് ഒരുക്കിയിരുന്നത്. മറൈൻ ഡ്രൈവില്‍ നിന്നും ആരംഭിച്ച് വാങ്കഡെ സ്റ്റേഡിയം വരെ നീളുന്ന വിക്‌ടറി പരേഡ്, സ്റ്റേഡിയത്തിനുള്ളില്‍ മറ്റ് പരിപാടികള്‍.
വൈകുന്നേരം ആറോടെ താരങ്ങള്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ എത്തി. വിസ്‌താരയുടെ 'യുകെ 1845' എന്ന എയര്‍ലൈനിലാണ് ടീം മുംബൈയില്‍ വന്നിറങ്ങിയത്. ലോകകപ്പ് നേട്ടത്തിന് ശേഷം ടി20 ക്രിക്കറ്റ് മതിയാക്കുന്ന വിരാട് കോലിയ്‌ക്കും രോഹിത് ശര്‍മ്മയ്‌ക്കും ആദരവ് അര്‍പ്പിക്കുന്നതായിരുന്നു വിമാനത്തിന്‍റെ നമ്പര്‍. വാട്ടര്‍ സല്യൂട്ട് നല്‍കികൊണ്ടായിരുന്നു മുംബൈ വിമാനത്താവളത്തില്‍ വിസ്‌താര ഫ്ലൈറ്റിന് വരവേല്‍പ്പൊരുക്കിയത്.
രണ്ട് മാസം മുന്‍പ് മുംബൈയിലെ കാണികള്‍ കൂവലോടെ മാത്രം വരവേറ്റിരുന്ന ഹാര്‍ദിക് പാണ്ഡ്യയാണ് കിരീടവുമായി വിമാനത്താവളത്തിന് പുറത്തേക്ക് ടീമിനെ നയിച്ചത്. കയ്യില്‍ കിരീടവുമായി വന്ന ഹാര്‍ദിക്കിന്‍റെ വരവ് ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ചു.
ടീം എത്തുന്നതിന് മുന്‍പ് തന്നെ മുംബൈ ജനസാഗരമായിരുന്നു. മറൈൻ ഡ്രൈവിലും മറ്റ് പ്രധാന സ്ഥലങ്ങളിലുമായി ചാമ്പ്യന്മാരെ കാണാൻ ആള്‍ക്കൂട്ടം തമ്പടിച്ചു. മുംബൈ നഗരത്തെ നിയന്ത്രിക്കാൻ പൊലീസിനും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഏറെ പണിപ്പെടേണ്ടി വന്നു.
TEAM INDIA VICTORY PARADE (IANS) ജനസാഗരത്തിന് നടുവിലൂടെ ടീമിന്‍റെ റോഡ് ഷോ. മറൈൻ ഡ്രൈവില്‍ നിന്നും ഓപ്പണ്‍ ബസിലായിരുന്നു പരേഡ്. ടീമിന്‍റെ ജഴ്‌സിയുടെ നിറത്തിലുള്ള ഓപ്പണ്‍ ബസ്, അതില്‍ ടി20 ലോകകപ്പ് കിരീടം ഏറ്റുവാങ്ങുന്ന ടീമിന്‍റെ ചിത്രം. വാങ്കഡെ സ്റ്റേഡിയത്തിലേക്കായിരുന്നു ടീമിന്‍റെ വിക്ടറി പരേഡ്.
ബസ് കടന്നുപോയ പാതയുടെ ഇരു വശങ്ങളിലും ആരാധകര്‍ ആവേശത്തിരയിളക്കി. ആരാധകരുടെ സ്നേഹം കണ്ട് രോഹിത്തിന്‍റെയും കോലിയുടെയും ദ്രാവിഡിന്‍റെയും കണ്ണ് നിറഞ്ഞു. കിരീടം ഉയര്‍ത്തികാട്ടിയും ആരാധകര്‍ക്ക് നേരെ കൈ ഉയര്‍ത്തിയും താരങ്ങളും സ്നേഹം അറിയിച്ചു.
TEAM INDIA VICTORY PARADE (IANS) അതിനിടെ, ടീമിന്‍റെ വരവ് കാത്ത് മറൈൻ ഡ്രൈവ് - വാങ്കഡെ പാതയിലെ ഒരു മരത്തിന് മുകളില്‍ ഇരിപ്പുറപ്പിച്ച ആരാധകന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബസ് താൻ ഇരുന്ന മരച്ചില്ലയുടെ അടുത്ത് എത്തിയപ്പോള്‍ താരങ്ങളുടെ ഫോട്ടോ തന്‍റെ ഫോണില്‍ പകര്‍ത്താനുള്ള തിടുക്കത്തില്‍ ആയിരുന്നു ആ ചെറുപ്പക്കാരൻ. ആള്‍ക്കടലില്‍ ഇന്ത്യൻ ടീം അംഗങ്ങളെയും ടി20 ലോകകിരീടത്തേയും അത്രത്തോളം അടുത്തുകണ്ട മറ്റാരും പക്ഷ ആ കൂട്ടത്തില്‍ ഉണ്ടായിരിക്കില്ല.
വാങ്കഡെ സ്റ്റേഡിയത്തില്‍ പാട്ടും ഡാൻസുമൊക്കെയായി ആഘോഷം. മൈതാനത്ത് താരങ്ങളും ഗാലറിയില്‍ ആരാധകരും ആഘോഷത്തിമിര്‍പ്പിലായി. തുടര്‍ന്ന്, വിരാട് കോലിയുടെയും രോഹിത് ശര്‍മ്മയുടെയും വൈകാരികമായ പ്രസംഗം.
ലോകകപ്പ് നേട്ടം ഏറെ കൊതിച്ചിരുന്നുവെന്ന് കോലി. 15 വര്‍ഷമായി തനിക്കൊപ്പം കളിക്കുന്ന രോഹിത് ആദ്യമായി കരയുന്നുവെന്ന വെളിപ്പെടുത്തല്‍. അന്ന് താനും കരഞ്ഞിരുന്നു, അത് മറക്കാൻ കഴിയില്ലെന്നുമുള്ള കോലിയുടെ കൂട്ടിച്ചേര്‍ക്കല്‍.
ഹാര്‍ദിക്കിനെതിരെ കൂവലുകള്‍ വന്ന വാങ്കഡെയിലെ ഗാലറിയിലേക്ക് നോക്കി ഇന്ത്യൻ ഓള്‍റൗണ്ടറെ പുകഴ്‌ത്തിക്കൊണ്ടുള്ള രോഹിത് ശര്‍മയുടെ വാക്കുകള്‍. ഡേവിഡ് മില്ലറുടെ പുറത്താകലിനെ കുറിച്ചും ഹാര്‍ദികിന്‍റെ ശാന്തതയെ കുറിച്ചും രോഹിത് സംസാരിച്ചു. ഈ സമയം, ഗാലറിയില്‍ നിന്നും ഹാര്‍ദിക് ചാന്‍റുകള്‍ ഉയര്‍ന്നു. ചെറുപുഞ്ചിരിയോടെ രോഹിത്തിന്‍റെ വാക്കുകള്‍ക്ക് ഹാര്‍ദിക്കും കാതോര്‍ത്തു. അവസാനം ബിസിസിഐ ലോകചാമ്പ്യന്മാര്‍ക്ക് പ്രഖ്യാപിച്ച 125 കോടിയുടെ പാരിതോഷികം കൈമാറുന്ന ചടങ്ങിനും വാങ്കഡെ വേദിയായി.
Also Read :ലോകകപ്പ് ചാമ്പ്യന്‍മാര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ പ്രഭാത ഭക്ഷണം; മുംബൈയില്‍ ഒരുക്കിയിരിക്കുന്നത് ഗംഭീര സ്വീകരണം - PM meets ICC World Cup champions