ഗ്വാളിയോർ (മധ്യപ്രദേശ്): ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് ഓൾറൗണ്ടർ ശിവം ദുബെയെ ഒഴിവാക്കിയതായി ബിസിസിഐ അറിയിച്ചു. നടുവേദനയെ തുടർന്നാണ് താരത്തിന് മത്സരം നഷ്‌ടമായത്. ഇടംകയ്യൻ ബാറ്റർ തിലക് വർമ്മയെ ശിവമിന്‍റെ പകരക്കാരനായി തിരഞ്ഞെടുത്തു. വർഷങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് തിരിച്ചെത്തുന്ന മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ആദ്യ മത്സരം നടക്കുന്നത്.
33 ടി20യില്‍ 29.86 ശരാശരിയിലും 134.93 സ്ട്രൈക്ക് റേറ്റിലും 448 റണ്‍സ് ശിവം ദുബെ നേടിയിട്ടുണ്ട്. മൂന്ന് അര്‍ധസെഞ്ചുറികളും 27 ബൗണ്ടറികളും 24 സിക്‌സറുകളും 11 വിക്കറ്റും താരത്തിന്‍റെ പേരിലുണ്ട്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും നടന്ന ഐസിസി ടി20 ലോകകപ്പ് 2024 നേടിയ ടീം ഇന്ത്യയുടെ ടീമിന്‍റെ ഭാഗമായിരുന്നു ശിവം. വൈകിട്ട് 7 മണി മുതലാണ് മത്സരം നടക്കുക. സൂര്യകുമാർ യാദവ് ടീം ഇന്ത്യയെ നയിക്കും.