ന്യൂഡൽഹി : ഏറെ ആരാധകരുള്ള കായിക താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. ടെന്നിസ് താരം ഹിമാനി മോര്‍ ആണ് നീരജിൻ്റെ വധു. സോഷ്യൽ മീഡിയയിലൂടെയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്.
നീരജിൻ്റെ വിവാഹം ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. നീരജ് ചോപ്രയുടെ വിവാഹം സർപ്രൈസ് ആയെന്നാണ് പലരുടെയും പ്രതികരണം. വിവാഹച്ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
വിവാഹ ചിത്രങ്ങള്‍ എക്‌സ് പേജിൽ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്. ഇതിനോടകം നിരവധിപേരാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്‌തും ആശംസകളറിയിച്ചും എത്തിയിട്ടുള്ളത്. നീരജ് മാത്രമല്ല ഹിമാനി മോറും കായികതാരമാണ്.
ഹരിയാനയിൽനിന്ന് തന്നെയുള്ള ഹിമാനി യുഎസിലെ ഫ്രാങ്ക്ലിൻ പിയേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ടെന്നിസ് താരവും പരിശീലകയുമാണ്. 2016ന് മലേഷ്യയിൽ നടന്ന ലോക ജൂനിയർ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ ഹിമാനി സ്വർണം നേടിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാപ്പരാസികള്‍ക്ക് പിടികൊടുക്കാതെ ഇരുവരും ഹണിമൂണ്‍ ആഘോഷവുമായി വിദേശത്താണ്. ഹിമാചല്‍പ്രദേശില്‍ വച്ച് ജനുവരി 14,15,16 ദിവസങ്ങളിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. ഏകദേശം അന്‍പതോളം അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് രണ്ടുതവണ ഒളിമ്പിക് മെഡല്‍ നേടിത്തന്ന താരമാണ് നീരജ് ചോപ്ര.
'ജീവിതത്തിൻ്റെ പുതിയൊരു അധ്യായം എൻ്റെ കുടുംബത്തോടൊപ്പം ആരംഭിച്ചു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന് ഒന്നിപ്പിച്ച എല്ലാവരുടേയും അനുഗ്രഹങ്ങള്‍ക്ക് നന്ദി. ഏറെ സന്തോഷത്തോടെ നീരജ്, ഹിമാനി' എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. ഹണിമൂണ്‍ കഴിഞ്ഞ് നാട്ടിലെത്തിയാലുടൻ സ്വീകരണ ചടങ്ങ് നടത്തുമെന്നും നീരജിൻ്റെ കുടുംബം അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും നടൻ ഗജ്‌രാജ് റാവുവുമടക്കം നിരവധി പ്രമുഖർ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
ആരാണ് ഹിമാനി മോർ
ഹരിയാന സോനിപത് സ്വദേശിയായ ഹിമാനി മോര്‍ ടെന്നീസ് താരമാണ്. ലൂസിയാനയിലെ ഹാമണ്ടിലെ സൗത്ത് ഈസ്റ്റേൺ ലൂസിയാന യൂണിവേഴ്‌സിറ്റിയിൽ സ്പോർട്‌സ് മാനേജ്മെൻ്റിൽ ബിരുദം പൂർത്തിയാക്കിയ ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂ ഹാംഷെയറിലെ ഫ്രാങ്ക്ലിൻ പിയേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ സ്‌പോർട്‌സ് ആൻഡ് ഫിറ്റ്‌നസ് അഡ്‌മിനിസ്‌ട്രേഷൻ (എംബിഎ) ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഐസെൻബർഗ് സ്‌കൂൾ ഓഫ് മാനേജ്‌മെൻ്റിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസും പൂർത്തിയാക്കിയിട്ടുണ്ട്.
നിലവിൽ യുഎസിലെ ആംഹെർസ്റ്റ് കോളജിൽ വനിതാ ടെന്നീസ് ടീമിൻ്റെ ടീം മാനേജറും പരിശീലകയുമാണ്. ബിസിനസ് ഡെവലപ്‌മെൻ്റ് എക്‌സിക്യൂട്ടീവായും പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ഹിമാനി.