എറണാകുളം: മൂവാറ്റുപുഴ കല്ലൂർക്കാട് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസ് കത്തിനശിച്ചു. ഡ്രൈവറിൻ്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. തലനാരിഴക്കാണ് കുട്ടികളും ഡ്രൈവറും രക്ഷപ്പെട്ടത്. വാഴക്കുളം സെൻ്റ് തെരേസാസ് ഹൈസ്‌കൂളിലെ സ്‌കൂൾ ബസ് ആണ് കത്തിനശിച്ചത്. ബസിൻ്റെ മുൻ ഭാഗത്തുനിന്നും പുക ഉയരുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ അവസരോചിതമായി ഇടപെടുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുട്ടികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്ന വാഹനത്തിന് കല്ലൂർക്കാട് നീറാംപുഴ കവലക്ക് സമീപത്ത് വച്ചാണ് തീപ്പിടിച്ചത്. ഇതു കണ്ട ഡ്രൈവർ വണ്ടി നിർത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. തൊട്ടുപിന്നാലെ തീ ഉയരുകയും ബസ് പൂർണമായും കത്തി നശിക്കുകയായിരുന്നു.
തൊട്ടടുത്തുള്ള ഫയർഫോഴ്‌സ് യൂണിറ്റായ കല്ലൂർക്കാട് നിന്നും ഫയർഫോഴ്‌സ് എത്തി തീയണച്ചു. ബസ് പൂർണമായും ഇതിനകം കത്തി നശിച്ചിരുന്നു. ഇരുപത്തിയഞ്ചോളം കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.