പാരിസ്:ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് മൂന്നാം മെഡല്‍. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷൻസില്‍ സ്വപ്‌നില്‍ കുസാലെ ഇന്ത്യയ്‌ക്കായി വെങ്കലം വെടിവച്ചിട്ടു. ആദ്യ പത്ത് ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ആറാം സ്ഥാനത്തായിരുന്നു താരം.
ഈ സമയം 101.7 പോയിന്‍റായിരുന്നു് ഇന്ത്യൻ താരത്തിനുണ്ടായിരുന്നത്. ഒന്നാം സ്ഥാനക്കാരനുമായി 1.5 പോയിന്‍റിന്‍റെ മാത്രമായിരുന്നു വ്യത്യാസം. 15 ഷോട്ടുകള്‍ പിന്നിട്ടപ്പോഴും ആറാം സ്ഥാനത്ത് നിന്നും മുന്നേറാൻ താരത്തിനായിരുന്നില്ല.
20 ഷോട്ടുകള്‍ പിന്നിട്ടപ്പോഴാണ് സ്വപ്‌നില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 201 പോയിന്‍റായിരുന്നു താരത്തിന്‍റെ അക്കൗണ്ടില്‍. 208.2 പോയിന്‍റാണ് 25 ഷോട്ടുകളില്‍ നിന്നും താരത്തിന് ലഭിച്ചത്.
നീലിങ്, പ്രോണ്‍ റൗണ്ടുകള്‍ക്ക് ശേഷവും അഞ്ചാമതായിരുന്നു സ്വപ്‌നിലിന്‍റെ സ്ഥാനം. സ്റ്റാൻഡിങ് പൊസിഷനില്‍ 40 ഷോട്ടുകള്‍ പിന്നിട്ടതോടെയാണ് താരം മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. 590 പോയിന്‍റാണ് സ്വപ്‌നില്‍ മത്സരത്തില്‍ സ്വന്തമാക്കിയത്. 594 പോയിന്‍റ് നേടിയ ചൈനയുടെ ലിയു യുകൂൻ ആണ് ഈ വിഭാഗത്തിലെ സ്വര്‍ണ മെഡല്‍ ജേതാവ്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത യുക്രെയ്‌ൻ താരം സെര്‍ഹി കുലിഷ് 592 പോയിന്‍റ് നേടി.
Also Read :ഒളിമ്പിക്‌സ് ടേബിൾ ടെന്നിസ് പ്രീ ക്വാർട്ടറിൽ; ചരിത്ര നേട്ടവുമായി മനിക ബത്ര