ഐപിഎല്ലിന്റെ 17-ാം പതിപ്പ്, കഷ്‌ടകാലം മാറ്റാനുറച്ചാണ് മുൻ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ വരവ്. 2020ല്‍ പ്ലേ ഓഫിന് യോഗ്യത നേടിയ ശേഷം പിന്നീട് ഒരിക്കല്‍പ്പോലും പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിലേക്ക് എത്താൻ ഓറഞ്ച് പടയ്‌ക്ക് സാധിച്ചിട്ടില്ല. ഈ ചീത്തപ്പേര് മാറ്റി പ്രതാപകാലത്തേക്ക് ഒരു തിരിച്ചുപോക്കാണ് ഹൈദരാബാദിന്‍റെ ലക്ഷ്യം.
ടീം മൊത്തത്തില്‍ അഴിച്ചുപണിതാണ് പുതിയ ഐപിഎല്‍ സീസണിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കച്ചകെട്ടുന്നത്. കഴിഞ്ഞ താരലേലത്തില്‍ പണം വാരിയെറിഞ്ഞ് പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, ഹസരംഗ ഉള്‍പ്പടെ പല വമ്പന്മാരെയും ഹൈദരാബാദ് കൂടാരത്തിലേക്ക് എത്തിച്ചു. പിന്നാലെ, എയ്‌ഡൻ മാര്‍ക്രമിനെ നായകസ്ഥാനത്ത് നിന്നും നീക്കി പാറ്റ് കമ്മിൻസിന് ചുമതലയേല്‍പ്പിച്ചു.
ഏകദിന ലോകകപ്പ്, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നിവ ഓസ്‌ട്രേലിയൻ ടീമിന് നേടിക്കൊടുത്ത കമ്മിൻസിനെ നായകനാക്കിയതോടെ കിരീടത്തില്‍ കുറഞ്ഞതൊന്നും തങ്ങള്‍ ലക്ഷ്യം വയ്‌ക്കുന്നില്ലെന്ന മുന്നറിയിപ്പും ഹൈദരാബാദ് എതിരാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ഹെൻറിച്ച് ക്ലാസൻ, ഗ്ലെൻ ഫിലിപ്‌സ്, മാര്‍ക്കോ യാൻസൻ എന്നിവരെ ടീമില്‍ നിലനിര്‍ത്തി സ്‌ക്വാഡിന്‍റെ സ്ട്രങ്‌ത് കൂട്ടാനും ഹൈദരാബാദിനായി. ഇനി പേപ്പറിലെ കരുത്ത് കളത്തിലും പ്രകടമാകുമോ എന്ന കാര്യം കണ്ടുവേണം അറിയാൻ.
പവര്‍പാക്ക്ഡ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ, എയ്‌ഡൻ മര്‍ക്രാം, മായങ്ക് അഗര്‍വാള്‍, രാഹുല്‍ തൃപാഠി, അബ്‌ദുല്‍ സമദ് എന്നിവരടങ്ങിയ ബാറ്റിങ് നിര. പാറ്റ് കമ്മിൻസ്, ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ യാൻസൻ, ടി നടരാജൻ, ഉമ്രാൻ മാലിക്ക്, ഹസരംഗ ഏത് പേരുകേട്ട വമ്പന്മാരെയും എറിഞ്ഞിടാൻ പോന്ന ബൗളിങ് ആക്രമണം. ബാറ്റിങ് ആയാലും ബൗളിങ്ങായാലും ഇക്കുറി ശക്തമാണ് ഹൈദരാബാദ്.
ടോപ് ഓര്‍ഡറിലും മിഡില്‍ ഓര്‍ഡറിലും തകര്‍പ്പൻ ബാറ്റിങ് കാഴ്‌ചവെയ്‌ക്കാൻ കഴിവുള്ള നിരവധി താരങ്ങളുണ്ട് ഹൈദരാബാദ് സ്ക്വാഡില്‍. ബൗളിങ്ങിലും അത് തന്നെയാണ് സ്ഥിതി. സ്‌പിന്നര്‍മാരായ വാനിന്ദു ഹസരംഗ, മായങ്ക് മാര്‍കണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും മികവിലേക്ക് വരുമെന്നാണ് അവരുടെ പ്രതീക്ഷ.
ആരെയൊക്കെ കളിപ്പിക്കും?:പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, എയ്‌ഡൻ മര്‍ക്രാം, ഹെൻറിച്ച് ക്ലാസൻ, മാര്‍ക്കോ യാൻസൻ, ഗ്ലെൻ ഫിലിപ്‌സ്, ഫസല്‍ഹഖ് ഫറൂഖി, വാനിന്ദു ഹസരംഗ ഇവരാണ് ഇത്തവണ ഹൈദരാബാദിന്‍റെ വിദേശ താരങ്ങള്‍. ഇവരില്‍ ആരെയെല്ലാം കളത്തിലിറക്കും എന്ന കാര്യത്തിലാണ് ഹൈദരാബാദിന് തലപുകയ്‌ക്കേണ്ടി വരിക. നായകനായ പാറ്റ് കമ്മിൻസ് പ്ലേയിങ് ഇലവനില്‍ സ്ഥിര സാന്നിധ്യമാകുമ്പോള്‍ ബാക്കിയുള്ള മൂന്ന് സ്പോട്ടിലേക്ക് ഏതൊക്കെ താരങ്ങളെത്തുമെന്ന കാര്യം കണ്ടറിയേണ്ടതാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ ഇംപാക്‌ട് ഉണ്ടാക്കിയ താരങ്ങളുടെ അഭാവം ഹൈദരാബാദിന് തലവേദനയാണ്. പ്രധാന താരങ്ങളില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ആ താരത്തിന് കൃത്യമായൊരു പകരക്കാരനെ ഇറക്കാൻ കഴിഞ്ഞില്ലെങ്കില്‍ മുൻ വര്‍ഷങ്ങളില്‍ നേരിട്ട തിരിച്ചടി ഇക്കുറിയും അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം.