റാഞ്ചി : ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ (India vs England 4th Test) ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നെടുന്തൂണായത് ധ്രുവ് ജുറെലിന്‍റെ വീരോചിത പോരാട്ടമാണ്. ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ധ്രുവ് ജുറെല്‍ (Dhruv Jurel) 149 പന്തില്‍ 90 റണ്‍സായിരുന്നു നേടിയിരുന്നത്. 23-കാരന്‍റെ ടെസ്റ്റ് കരിയറിലെ കന്നി അര്‍ധ സെഞ്ചുറിയാണിത്.
ആതിഥേയര്‍ കൂട്ടത്തകര്‍ച്ച മുന്നില്‍ കണ്ട സമയത്ത് വാലറ്റക്കാരെ കൂട്ടുപിടിച്ചായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജുറെല്‍ പൊരുതി നിന്നത്. അര്‍ഹിച്ച സെഞ്ചുറിക്ക് വെറും 10 റണ്‍സ് അകലെ വീണെങ്കിലും ഇംഗ്ലണ്ടിനെ കുറഞ്ഞ ലീഡിലേക്ക് ഒതുക്കാന്‍ താരത്തിനായി എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ ധ്രുവ് ജുറെലിനെ അകമഴിഞ്ഞ് അഭിനന്ദിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar).
ഇന്ത്യയുടെ അടുത്ത എംഎസ് ധോണിയാണ് (MS Dhoni) ജുറെലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ഏറെ സംയമനത്തോടെ ജുറെല്‍ തന്‍റെ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചതായും 74-കാരന്‍ പറഞ്ഞു. "ധ്രുവ് ജുറെലിന്‍റെ മനസ്സാന്നിധ്യം കാണുമ്പോൾ, അവന്‍ അടുത്ത എംഎസ് ധോണിയാണെന്ന് എനിക്ക് തോന്നുന്നു"- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റിലൂടെയായിരുന്നു ജുറെല്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയത്. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സ് നേടാനും താരത്തിന് കഴിഞ്ഞിരുന്നു. രാജ്‌കോട്ടിൽ ബെൻ ഡക്കറ്റിനെ റണ്ണൗട്ടാക്കിയത് താരത്തിന്‍റെ മനസ്സാന്നിധ്യത്തിന്‍റെ മറ്റൊരു തെളിവാണെന്നും ഗവാസ്‌കര്‍ പറഞ്ഞുനിര്‍ത്തി.