മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പുതിയ സീസണില്‍ (ഐപിഎൽ 2024) സൺറൈസേഴ്‌സ് ഹൈദരാബാദിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഓസീസ് പേസര്‍ പാറ്റ് കമ്മിൻസിനെ (Pat Cummins) പിന്തുണച്ച് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ (Sunil Gavaskar). ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ കമ്മിന്‍സിന്‍റെ നേതൃഗുണങ്ങളും ഓൾറൗണ്ട് കഴിവുകളും ടീമിന് മുതല്‍ക്കൂട്ടാവും. കഴിഞ്ഞ സീസണില്‍ ഒരു മികച്ച നായകന്‍റെ അഭാവം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് (Sunrisers Hyderabad) ഉണ്ടായിരുന്നതായും 74-കാരന്‍ ചൂണ്ടിക്കാട്ടി.
"പാറ്റ് കമ്മിന്‍സിനെ സ്വന്തമാക്കിയ ഹൈദരാബാദിന്‍റെ നീക്കം ഏറെ മികച്ചതാണ്. അൽപ്പം ചെലവേറിയതാകാം. എന്നാല്‍ ആ നീക്കം ടീമിന് ഗുണം ചെയ്യും. കാരണം കഴിഞ്ഞ തവണ അല്‍പം കുറവായിരുന്ന നേതൃത്വമികവാണ് ഇതുവഴി അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ചില നിര്‍ണായക ഘട്ടങ്ങളില്‍ ബോളിങ് ചെയ്‌ഞ്ചിലുണ്ടായ മാറ്റങ്ങള്‍ക്ക് അവര്‍ക്ക് മത്സരം തന്നെ വിലയായി നല്‍കേണ്ടി വന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അതിനാൽ പുതിയ സീസണില്‍ പാറ്റ് കമ്മിൻസ് ഹൈദരാബാദിന്‍റെ ക്യാപ്റ്റനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത് വലിയ മാറ്റങ്ങള്‍ക്കും വഴിയൊരുക്കും"- ഗവാസ്‌കര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന താര ലേലത്തില്‍ 20.50 കോടി രൂപ നല്‍കിയാണ് പാറ്റ് കമ്മിന്‍സിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ രണ്ടാമത്തെ താരമായും 30-കാരന്‍ മാറി. ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഹീറോയായ ട്രാവിസ് ഹെഡിനേയും ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. 6.80 കോടി രൂപയാണ് ട്രാവിഡ് ഹെഡിനായി സണ്‍റൈസേഴ്‌സ് വീശിയത്.