കേരളം

kerala

ETV Bharat / sports

നിങ്ങളായിരുന്നു ഇന്ത്യൻ ഫുട്‌ബോളിന്‍റെ എല്ലാം... നന്ദി സുനില്‍ ഛേത്രി - Sunil Chhetri has ended his football Career - SUNIL CHHETRI HAS ENDED HIS FOOTBALL CAREER

അന്താരാഷ്‌ട്ര ഫുട്‌ബോളിലെ 19 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് സുനില്‍ ഛേത്രി.

സുനില്‍ ഛേത്രി  സുനില്‍ ഛേത്രി അവസാന മത്സരം  SUNIL CHHETRI RETIREMENT  SUNIL CHHETRI CAREER
SUNIL CHHETRI (Etv Bharat)

By ETV Bharat Kerala Team

Published : Jun 7, 2024, 12:06 PM IST

ഫുട്‌ബോള്‍ കളി മൈതാനങ്ങളില്‍ ഇന്ത്യയുടെ സൈന്യാധിപനായി മാറി കളം നിറഞ്ഞാടിയ കുറിയ മനുഷ്യൻ ബൂട്ടഴിക്കുമ്പോള്‍ ആരാധകര്‍ക്ക് പറയാൻ ബാക്കിയുള്ളത് നന്ദി വാക്കുകള്‍ മാത്രമാണ്. കഴിഞ്ഞുപോയ 19 വര്‍ഷക്കാലം, സുനില്‍ ഛേത്രിയെന്ന 5 അടി 7 ഇഞ്ച് ഉയരക്കാരൻ ഒറ്റയാള്‍ പട്ടാളമായി മാറിയാണ് ഇന്ത്യൻ ഫുട്‌ബോളിനെ തന്‍റെ തോളേറ്റിയത്. ലോക ഫുട്‌ബോളില്‍ എടുത്ത് പറയാൻ വലിയ കഥകള്‍ ഒന്നുമില്ലെങ്കിലും ഗോള്‍ വേട്ടാക്കാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും ലയണല്‍ മെസിയ്‌ക്കും ഒപ്പം നിന്ന് ഇന്ത്യയുടെ യശസ് ഉയര്‍ത്തിയത് സുനില്‍ ഛേത്രിയെന്ന ഒരൊറ്റ മനുഷ്യനായിരുന്നു.

ഇക്കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം അയാളായിരുന്നു ഇന്ത്യൻ ഫുട്‌ബോളിന്‍റെ എല്ലാമെല്ലാം. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2005ല്‍ പാകിസ്ഥാനെതിരെ പന്ത് തട്ടിക്കൊണ്ടാണ് സുനില്‍ ഛേത്രി അന്താരാഷ്‌ട്ര ഫുട്‌ബോളിലേക്ക് തന്‍റെ വരവറിയിക്കുന്നത്. അവിടെ നിന്നും അയാള്‍ ഇന്ത്യൻ ഫുട്‌ബോളില്‍ പകരം വയ്‌ക്കാൻ ഒരാളില്ലാത്ത താരമായി വളര്‍ന്നു.

കഴിഞ്ഞുപോയ 19 വര്‍ഷക്കാലയളവില്‍ ഛേത്രിയെന്ന അതികായൻ ഇന്ത്യൻ ഫുട്‌ബോളിന് നല്‍കിയ സംഭാവനകളെ വാക്കുകളാല്‍ ഒരിക്കലും വര്‍ണിക്കാൻ സാധിക്കില്ല. എക്കാലവും ഇന്ത്യൻ ഫുട്‌ബോളിന്‍റെ മുഖമായി തന്നെ ഛേത്രി വാഴ്‌ത്തപ്പെടും. ക്രിക്കറ്റിന് വളക്കൂറുള്ള മണ്ണില്‍ ആരാധകര്‍ പോലും കയ്യൊഴിഞ്ഞ ഇന്ത്യൻ ഫുട്‌ബോളിന് വേണ്ടി തോറ്റുകൊടുക്കാൻ മനസില്ലാതെ അയാള്‍ പൊരുതിയതിന്‍റെ ഫലമാണ് തന്‍റെ വിരമിക്കല്‍ മത്സര ദിനത്തില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍...

കാല്‍പന്ത് കളിയിലെ ഇതിഹാസങ്ങളെപ്പോലെ തന്നെ സുനില്‍ ഛേത്രിയ്‌ക്കും ഫുട്‌ബോള്‍ എന്നത് ഒരു കളിയെന്നതില്‍ ഉപരി ഒരു വികാരമായിരുന്നു. ഫുട്‌ബോള്‍ താരമായിരുന്ന അച്ഛൻ കെ ബി ഛേത്രിയാണ് സുനില്‍ ഛേത്രിയ്‌ക്ക് കാല്‍പ്പന്ത് കളിയുടെ ബാലപാഠങ്ങള്‍ പറഞ്ഞുനല്‍കുന്നത്. അച്ഛന്‍ പഠിപ്പിച്ച കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടായിരുന്നു ഇന്ത്യൻ ഫുട്‌ബോളില്‍ അയാളുടെ ഈ കുതിപ്പും.

ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം, കൂടുതല്‍ ഗോളുകള്‍ നേടിയ താരം, ക്യാപ്‌റ്റനായി ഇന്ത്യയെ കൂടുതല്‍ കാലം നയിച്ച താരം ഇതെല്ലാം ഇന്ത്യൻ ഫുട്‌ബോളിനായി ജീവിതം ഉഴിഞ്ഞുവെച്ച സുനില്‍ ഛേത്രിയുടെ പേരിലാണ്. ഏതൊരു കായിക ഇനമായാലും വിടപറയല്‍ എന്നത് ഏറെ അനിവാര്യമായ ഒരു കാര്യമാണ്. ലോകകപ്പ് യോഗ്യത മത്സരത്തില്‍ കുവൈറ്റിനോട് സമനില വഴങ്ങിയ ശേഷം സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നിന്നും നടന്ന് അകലുമ്പോള്‍ അയാളുടെ കണ്ണില്‍ തളം കെട്ടിയ കണ്ണുനീര്‍ തുള്ളികള്‍ പറയുന്നുണ്ട് ഫുട്‌ബോള്‍ എന്നത് അയാള്‍ക്ക് എന്തായിരുന്നു എന്നതിന്‍റെ കഥ.

ABOUT THE AUTHOR

...view details